വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം... സംരംഭങ്ങൾക്ക് ഭൂമി കണ്ടെത്താൻ ശ്രമം

Saturday 18 October 2025 2:22 AM IST

കൊല്ലം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ വമ്പൻ പദ്ധതിയായ വിഴിഞ്ഞം- കൊല്ലം- പുനലൂർ വികസന തിക്രോണത്തിനായി ജില്ലയിൽ ഭൂമി കണ്ടെത്താൻ ശ്രമം തുടങ്ങി. വിഴിഞ്ഞം തുറമുഖം വഴി കയറ്റുമതി ചെയ്ത് വരുമാനം നേടാവുന്ന വ്യവസായ സംരംഭങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വികസന ത്രികോണത്തിന്റെ ഭാഗമായി വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ പുറമ്പോക്ക് ഭൂമി കണ്ടെത്താൻ സർക്കാർ കളക്ടർക്ക് നിർദ്ദേശം നൽകി. ഇതിന് പുറമേ തിരുവനന്തപുരം- കണ്ണൂർ ഐ.ടി കോറിഡോർ പദ്ധതിക്കായി കെ.എസ്.ഐ.ടി.ഐ.എൽ ജില്ലയിൽ കണ്ടെത്തിയ ഭൂമിയുടെ പട്ടികയും ജില്ലാ ഭരണകൂടത്തിന് കൈമാറി. പ്രാഥമിക പരിശോധനയിൽ പദ്ധതിക്ക് അനുയോജ്യമായ പുറമ്പോക്ക് ഭൂമി കാര്യമായി ജില്ലയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദേശീയപാത 66ന്റെ ഓരത്തും സമീപത്തുമായി ആറ് വില്ലേജുകളിലുള്ള എട്ട് ഭൂമികളുടെ പട്ടികയാണ് കെ.എസ്.ഐ.ടി.ഐ.എൽ കൈമാറിയിട്ടുള്ളത്. ഇതിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളുമുണ്ട്. ഈ ഭൂമികൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ജില്ലാ ഭരണകൂടം വില്ലേജ് ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയപാത 66ന് പുറമേ, കൊല്ലം- തിരുമംഗലം ദേശീയപാത, കൊല്ലം - തിരുവനന്തപുരം റെയിൽപാത, കൊല്ലം- ചെങ്കോട്ട റെയിൽപാത, നിർദ്ദിഷ്ട കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ, മലയോര, ഹൈവേ, നിർദ്ദിഷ്ട തീരദേശ ഹൈവേ എന്നീ പാതകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് വികസന ത്രികോണ പദ്ധതി. അതുകൊണ്ട് തന്നെ ഈ പാതകളുടെ സമീപമുള്ള ഭൂമികളും പരിശോധിക്കും. അതിനായി രണ്ട് ദിവസത്തിനകം കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും.

ലക്ഷ്യം കയറ്റുമതി

 സമുദ്രോത്പന്ന സംസ്കരണം  കാർഷിക വിളകളുടെ സംസ്കരണം  ഐ.ടി സംരംഭങ്ങൾ  മെഡിക്കൽ ടൂറിസം  അസംബ്ലിംഗ് യൂണിറ്റുകൾ  ഗോഡൗണുകൾ

വികസന ത്രികോണത്തിന്റെ ഭാഗമായി വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ ഭൂമി കണ്ടെത്താൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട യോഗം വൈകാതെ ചേരും.

ജില്ലാ ഭരണകൂടം