ശ്രീഹരിയും അപർണയും സൂപ്പർ താരങ്ങൾ

Saturday 18 October 2025 1:23 AM IST
ശ്രീഹരി സജീഷ് കുമാറും അപർണ പ്രകാശും

കൊട്ടാരക്കര: പങ്കെടുത്ത മത്സരങ്ങളിലെല്ലാം സ്വർണം നേടിയാണ് ചാത്തന്നൂർ പൂതക്കുളം ഗവ .എച്ച്.എസ്.എസിലെ ശ്രീഹരിയും അപർണയും കായിക മേളയിലെ സൂപ്പർ താരങ്ങളായത്. എട്ടാം ക്ളാസ് വിദ്യാർത്ഥിയായ ശ്രീഹരി സജീഷ് കുമാർ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100, 400, 600 മീറ്റർ ഓട്ടമത്സരങ്ങളിലാണ് സ്വർണം സ്വന്തമാക്കിയത്. ഒൻപതാം ക്ളാസുകാരി അപർണ പ്രകാശ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 800,1500, 3000 മീറ്റർ ഓട്ട മത്സരങ്ങളിലും സ്വർണം നേടി. അപർണ കഴിഞ്ഞ വർഷം 1500, 3000 മീറ്റർ ഓട്ടങ്ങളിൽ ഫസ്റ്റും 800 മീറ്ററിൽ സെക്കൻഡും നേടിയിരുന്നു. ആലിന്റെമുക്ക് ജി.സി നിവാസിൽ പ്രവാസിയായ ജയപ്രകാശിന്റെയും രജികൃഷ്ണയുടെയും മകളാണ്.

അച്ഛന്റെ സ്വപ്നം

ചാത്തന്നൂർ ചിറക്കരത്താഴം തിരുവോണത്തിൽ പരേതനായ എസ്.സജീഷ് കുമാറിന്റെയും മഞ്ജുവിന്റെയും മകനാണ് ശ്രീഹരി സജീഷ് കുമാർ. ഓട്ട മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള അച്ഛനായിരുന്നു ശ്രീഹരിക്കുംകും ജ്യേഷ്ഠൻ സഞ്ജയ് സജീഷിനും പ്രോത്സാഹനം. വെൽഡറായിരുന്ന സജീഷ് കുമാർ അഞ്ച് വർഷം മുമ്പ് ഒരു ബൈക്ക് അപകടത്തിൽ മരിച്ചു. അതോടെ കായിക സ്വപ്നങ്ങൾക്ക് നിറംമങ്ങി. സ്കൂളിലെ കായികാദ്ധ്യാപകൻ നിഹാസിന്റെ കൃത്യതയുള്ള പരിശീലനത്തിലൂടെയാണ് ശ്രീഹരിയും സഞ്ജയും വീണ്ടും കളിക്കളത്തിൽ സജീവമായത്. മൂന്നിനങ്ങളിൽ ശ്രീഹരി സ്വർണം നേടിയപ്പോൾ സഞ്ജയ് 400 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനത്തും 200 മീറ്ററിൽ മൂന്നാം സ്ഥാനത്തുമെത്തി.