ദുൽഖറിന്റെ ഒരു വാഹനം വിട്ടുകൊടുത്തു
Saturday 18 October 2025 12:28 AM IST
കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള മൂന്ന് വാഹനങ്ങളിൽ ഒരെണ്ണം ഉപാധികളോടെ വിട്ടുകൊടുത്തു. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ലാൻഡ് റോവർ ഡിഫൻഡർ കാറാണ് ബോണ്ടിന്റെയും 20 ശതമാനം ബാങ്ക് ഗ്യാരന്റിയുടെയും അടിസ്ഥാനത്തിൽ വിട്ടു നൽകിയത്.
വാഹനം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുത്, ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് കസ്റ്റംസ് നടപടി. വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമപരമായ വഴിയിലൂടെയാണ് വാഹനം വാങ്ങിയതെന്നായിരുന്നു വാദം. കോടതി നിർദ്ദേശപ്രകാരം കസ്റ്റംസ് അഡിഷണൽ കമ്മിഷണർക്ക് നടൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് വാഹനം വിട്ടുനൽകിയത്. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി വിവിധ ജില്ലകളിൽ നിന്നായി കസ്റ്റഡിയിലെടുത്ത 43 വാഹനങ്ങളിൽ 39 എണ്ണം ഉടമകൾക്ക് വിട്ടുനൽകി.