സ്വർണ തൂക്കത്തിൽ കൃത്യതയ്ക്ക് സാവകാശം വേണം

Saturday 18 October 2025 12:31 AM IST

കൊച്ചി: സ്വർണ വ്യാപാരശാലകളിലെ വെയിംഗ് ബാലൻസുകളിലെ കൃത്യത 10 മില്ലി ഗ്രാമിൽ നിന്ന് ഒരു മില്ലി ഗ്രാമിലേക്ക് മാറ്റുന്നതിന് സമയം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ലീഗൽ മെട്രോളജി മന്ത്രി ജി.ആർ. അനിലിന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നിവേദനം നൽകി. കേരളത്തിലെ സ്വർണ വ്യാപാര മേഖലയിൽ ഒരു ലക്ഷത്തിലധികം ബാലൻസാണ് ഉപയോഗത്തിലുള്ളത്. കൃത്യത ഒരു മില്ലിഗ്രാമിലേക്ക് മാറ്റുമ്പോൾ 650 കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യത സ്വർണ വ്യാപാര മേഖലയ്ക്കുണ്ടാകും. പുതിയ സ്വർണം വിൽക്കുന്നതിനും പഴയ സ്വർണം തിരിച്ചെടുക്കുന്നതിനും നിലവിലെ 10 മില്ലി ബാലൻസാണ് ഉപയോഗിക്കുന്നത്. അതിനാൽ ഉപഭോക്താക്കൾക്ക് ഒരുതരത്തിലുള്ള നഷ്ടവും വരുന്നില്ലെന്ന് അവർ പറയുന്നു. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, വർക്കിംഗ് ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ് തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.