അടൂരിൽ നിന്ന് കാണാതായ പെൺകുട്ടി കൊല്ലത്ത് മരിച്ച നിലയിൽ, കൂട്ടുകാരി ഗുരുതരാവസ്ഥയിൽ

Saturday 18 October 2025 12:35 AM IST

കണ്ടത് മരുതിമലയുടെ അടിവാരത്ത്

ഓടനാവട്ടം (കൊല്ലം): പത്തനംതിട്ട അടൂരിൽ നിന്ന് കാണാതായ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളിൽ ഒരാളെ കൊല്ലം മുട്ടറ മരുതിമലയുടെ അടിവാരത്ത് മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാമത്തെ പെൺകുട്ടി സമീപത്ത് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. അടൂർ കടമ്പനാട് മേപ്പറത്ത് ഇടുപ്പര വീട്ടിൽ വിനുവിന്റെയും ദീപയുടെയും മകൾ മീനുവാണ് (13) മരിച്ചത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മുണ്ടപ്പള്ളി പെരിങ്ങാന ശാലിനി ഭവനത്തിൽ സുകുവിന്റെ മകൾ ശിവർണയെ (14) മിയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇരുവരും മലയുടെ മുകളിൽ നിന്ന് താഴേക്ക് ചാടിയതാകാമെന്ന് പൂയപ്പള്ളി പൊലീസ് പറഞ്ഞു.

സമുദ്രനിരപ്പിൽ നിന്ന് ആയിരം അടി ഉയരമുള്ളതാണ് മരുതിമല. ഇന്നലെ വൈകിട്ട് നാലരയോടെ മലയുടെ സമീപത്തെ മുട്ടറ ഗവ. സ്കൂൾ പരിസരത്തു നിന്ന് പ്രദേശവാസിയായ യുവാവ് മൊബൈലിൽ മലയുടെ ചിത്രം പകർത്താനായി സൂം ചെയ്തു. അതിലൂടെ മലയുടെ മുകളിൽ സുരക്ഷാവേലിക്ക് പുറത്ത് രണ്ട് പെൺകുട്ടികൾ നിൽക്കുന്നതായി കണ്ടു.

സംശയം തോന്നിയ യുവാവ് പ്രദേശവാസികളെയും കൂട്ടി തെരച്ചിൽ നടത്തുന്നതിനിടെ അഞ്ചരയോടെ അടിവാരത്ത് പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു. മരിച്ച മീനുവിന്റെ ശരീരത്തിലും ഗുരുതര പരിക്കുകളുണ്ടായിരുന്നു. അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലംഗവ.എച്ച്.എസ്.എസിൽ ഒരേക്ലാസിൽ പഠിക്കുന്നവരാണ് ഇരുവരും.

സ്കൂളിൽ ഇന്നലെ കലോത്സവമായതിനാൽ രാവിലെ സാധാരണ വസ്ത്രം ധരിച്ചാണ് ഇറങ്ങിയത്. മടങ്ങിയെത്താൻ വൈകിയതോടെ വീട്ടുകാർ സഹപാഠികളോട് അന്വേഷിച്ചെങ്കിലും കണ്ടില്ലെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് രക്ഷിതാക്കൾ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിയതിന് പിന്നാലെയാണ് വിവരമറിയുന്നത്. മീനുവിന്റെ മൃതദേഹം മിയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ബാഗുകൾ സ്കൂളിനു സമീപത്തെ കടയിൽ

പെൺകുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഇരുവരുടേയും സ്കൂൾ ബാഗുകൾ പെരിങ്ങനാട് സ്കൂളിന് സമീപത്തെ കടയിൽ നിന്ന് ലഭിച്ചു. സ്കൂൾ ബാഗിലുണ്ടായിരുന്ന ബുക്കിൽ ആത്മഹത്യാ കുറിപ്പുള്ളതായി സൂചനയുണ്ട്. ഇവിടത്തെ കടയിൽ ബാഗ് വച്ചശേഷം ഇവർകൊല്ലം മരുതിമലയിലേക്ക് പോയതാകാമെന്നാണ് നിഗമനം.