പൊന്നിൻ തേരോട്ടം
പവൻ വില 97,360 രൂപയിൽ
ഇന്നലെ കൂടിയത് 2,440 രൂപ
18 കാരറ്റിന്റെ വില പവന് 80,000 കടന്നു
കൊച്ചി: സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറിയതോടെ സ്വർണ വിലയിൽ ചരിത്ര മുന്നേറ്റം. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന്(31.1 ഗ്രാം) 4,380 ഡോളറിലെത്തി. ഇതോടെ കേരളത്തിൽ പവൻ വില 2,440 രൂപ വർദ്ധിച്ച് 97,360 രൂപയായി. ഗ്രാമിന്റെ വില 305 രൂപ ഉയർന്ന് 12,170 രൂപയിലെത്തി. ഇന്നലെ മാത്രം രാജ്യാന്തര വില ഔൺസിന് 150 ഡോളറാണ് കൂടിയത്. നിലവിൽ സ്വർണാഭരണം വാങ്ങുന്നതിന് ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം 1.05 ലക്ഷം രൂപയാകും.
അമേരിക്കയും ചൈനയുമായുള്ള വ്യാപാരത്തർക്കവും ഡോളറിന്റെ അസ്ഥിരതയും സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നു. അമേരിക്കയുടെ പൊതുകടം ഉയരുന്നതും ഡൊണാൾഡ് ട്രംപിന്റെ സ്ഥിരതയില്ലാത്ത നയങ്ങളും കണക്കിലെടുത്ത് വൻകിട നിക്ഷേപകരും കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടുകയാണ്. സാമ്പത്തിക മാന്ദ്യം മറികടക്കാൻ ഫെഡറൽ റിസർവ് അടുത്ത ദിവസം മുഖ്യ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രവചനങ്ങളും വിലക്കുതിപ്പിന് ആക്കം കൂട്ടി. അമേരിക്കയിലെ രണ്ട് പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ വായ്പാ തട്ടിപ്പിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഉപഭോക്താക്കളുടെ തിരിച്ചടവ് ശേഷിയിൽ ആശങ്കയേറുന്നു.
ദീപാവലിക്ക് ഒരു വില ലക്ഷം തൊടുമോ?
സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ലാത്തതിനാൽ ദീപാവലിക്ക് പവൻ വില ലക്ഷം രൂപയിലെത്തുമോയെന്നാണ് വ്യാപാരികളും നിക്ഷേപകരും കാത്തിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളും രൂപയുടെ ദൗർബല്യവും ഓരോ ദിവസവും വൻ കുതിപ്പാണ് വിലയിൽ സൃഷ്‌ടിക്കുന്നത്. ഒരു ലക്ഷത്തിലേക്ക് 2,640 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്.
നടപ്പുവർഷം ഇതുവരെ സ്വർണ വിലയിലെ വർദ്ധന
40,160 രൂപ
ജനുവരി 1: 57,200 രൂപ
ഒക്ടോബർ17: 97,360 രൂപ
വെള്ളിയും കുതിക്കുന്നു
വെള്ളി വിലയും റെക്കാഡുകൾ പുതുക്കി കുതിക്കുകയാണ്. ഇന്നലെ രാജ്യാന്തര വിപണിയിൽ വെള്ളി വില ഔൺസിന് 54.37 ഡോളറിലെത്തി റെക്കാഡിട്ടു. കേരളത്തിൽ വെള്ളി വില ഗ്രാമിന് 196 രൂപയിലാണ്. പല്ലേനിയം, പ്ളാറ്റിനം തുടങ്ങിയ പ്രഷ്യസ് ലോഹങ്ങളും മികച്ച നേട്ടത്തോടെയാണ് വാരാന്ത്യം പിന്നിട്ടത്.
നേട്ടങ്ങളുടെ നാല് ധൻതേരസുകൾ
2021-22: 10%
2022-23:20%
2023-24: 30%
2024-25: 60%