ഫീസൊടുക്കാൻ വൈകി , യു.കെ.ജി വിദ്യാർത്ഥിയെ ബസിൽ കയറ്റാതെ ക്രൂരത
ചേലേമ്പ്ര (മലപ്പുറം): കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ച് സ്കൂൾ ബസ് കാത്തു നിന്നതാണ് അഞ്ചു വസയുകാരൻ. ബസ് എത്തിയതും ഉത്സാഹത്തോടെ കയറാൻ ശ്രമിച്ചു. പക്ഷേ, അവനെ മാത്രം തടഞ്ഞു. ബസ് ഫീസ് അടയ്ക്കാൻ വൈകിയതാണ് കാരണം. കരഞ്ഞു വിഷമിച്ച് ഏറെ നേരം അവനവിടെ നിന്നു. സമീപത്തെ സ്ത്രീയാണ് വീട്ടിലാക്കിയത്.
ചേലേമ്പ്ര എ.എൽ.പി എയ്‌ഡഡ് സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിക്കാണ് പൊതുനിരത്തിൽ ക്രൂരത നേരിടേണ്ടി വന്നത്. പ്രധാനാദ്ധ്യാപികയുടെ നിർദ്ദേശത്തെ തുടർന്നാണ് കുട്ടിയെ ബസിൽ കയറ്റാത്തത്. തങ്ങളെ അറിയിക്കാതെയാണ് മകനെ വഴിയിൽ ഉപേക്ഷിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
രണ്ടു മാസത്തെ സ്‌കൂൾ ബസ് ഫീസായ 1000 രൂപ അടയ്ക്കാനുണ്ട്. കുഞ്ഞിന്റെ പിതാവ് ഗൾഫിലാണ്. കാശ് ആയച്ചു തന്നാലുടൻ ഫീസ് അടയ്ക്കാമെന്ന് സ്കൂൾ അധികൃതരെ അറിയിച്ചിരുന്നെന്ന് വീട്ടുകാർ പറയുന്നു.
സംഭവത്തിൽ കുടുംബം വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മിഷനും പൊലീസിലും പരാതി നൽകി. പിന്നീട് സ്‌കൂൾ അധികൃതരും പി.ടി.എ അംഗങ്ങളും വീട്ടിലെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞു.
കൂട്ടുകാർക്ക് മുന്നിൽ അപമാനിക്കപ്പെട്ടത് മകന് മാനസിക പ്രയാസമുണ്ടാക്കി. ഭയപ്പെടുകയും ചെയ്തു. ഇനി ആ സ്‌കൂളിലേക്ക് വിടുന്നില്ല
- രക്ഷിതാക്കൾ