പൂർണത്രയീശന്റെ അരക്കിലോ സ്വർണം മുക്കുപണ്ടമായി , കണ്ടെത്തിയത് 17 കൊല്ലം മുമ്പ്
അന്വേഷിക്കാതെ കൊച്ചിൻ ദേവസ്വം രത്നമുൾപ്പെടെ നഷ്ടപ്പെട്ടെന്നും സൂചന
കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്ര സ്വർണക്കോലത്തിലെ അരക്കിലോ തൂക്കമുള്ള സ്വർണമകുടം മുക്കുപണ്ടമായി. 17 വർഷം മുമ്പ് തട്ടിപ്പ് കണ്ടെത്തിയിട്ടും കൊച്ചിൻ ദേവസ്വം ബോർഡ് അനങ്ങിയില്ല.
കൊച്ചി രാജകുടുംബത്തിന്റെ മുഖ്യആരാധനാമൂർത്തിയാണ് പൂർണത്രയീശൻ. രാജകുടുംബം ദേവസ്വം ബോർഡിന് ക്ഷേത്രം കൈമാറിയപ്പോൾ ഉണ്ടായിരുന്ന രത്നങ്ങളും വൈരങ്ങളും ഉൾപ്പെടെ അമൂല്യവസ്തുക്കളിൽ നല്ലൊരുഭാഗവും നഷ്ടമായെന്നാണ് സൂചന.
നാലു കിലോയോളം സ്വർണമുള്ള ഉത്രം എഴുന്നള്ളിപ്പിനുപയോഗിക്കുന്ന കോലത്തിന്റെ ഭാഗമാണ് മകുടം. അമൂല്യവസ്തുക്കളുടെ കണക്കെഴുതുന്ന പണ്ടംപാത്രം രജിസ്റ്ററിൽ, 496 ഗ്രാം തൂക്കമുള്ളതാണ് സ്വർണമകുടമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോൾ മുക്കാണെന്ന് മനസിലാക്കുന്നതായും അന്നത്തെ തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മിഷണർ റിപ്പോർട്ട് ചെയ്തിരുന്നു.
2008 ഫെബ്രുവരി 23ന് തൃപ്പൂണിത്തുറ അസി. കമ്മിഷണർ ഓഫീസിൽ നിന്ന് തൃശൂരിലെ സ്പെഷ്യൽ ദേവസ്വം കമ്മിഷണർക്ക് തട്ടിപ്പു സംബന്ധിച്ച് കത്തുമയച്ചു. ഗുരുതരമായ പരാമർശങ്ങളും തട്ടിപ്പ് തടയാനുള്ള നിർദ്ദേശങ്ങളും കത്തിലുണ്ടായിരുന്നു. പക്ഷേ, അന്വേഷണമൊന്നും നടന്നില്ല. ക്ഷേത്രത്തിലെ നാല് സ്വർണക്കോലങ്ങളിൽ ഒന്നാണിത്. നാലിലുമായി 15 കിലോയോളം സ്വർണമുണ്ടാകണം.
മറ്റൊരു കോലവുമായി ബന്ധപ്പെട്ട് കൊച്ചി രാജകുടുംബം നൽകിയ കേസിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഹൈക്കോടതി രജിസ്ട്രാർ കെ.ടി. സുധീർ 2021ൽ കോലങ്ങൾ പരിശോധിച്ച് നൽകിയ റിപ്പോർട്ടിലും ഉത്രം എഴുന്നള്ളിപ്പിനുള്ള കോലത്തിലെ മകുടത്തെക്കുറിച്ച് പരാമർശമില്ല.
4 സ്വർണക്കോലങ്ങൾ
1. ശീവേലിക്കോലം : നിത്യവും ശീവേലിക്ക്. മേൽശാന്തിയുടെ പക്കൽ (3 കിലോ)
2. കളഭക്കോലം : കളഭച്ചടങ്ങുകൾക്ക്. ദേവസ്വം ഓഫീസറുടെ പക്കൽ (3 കിലോ)
3. ഉത്രം കോലം : ഉത്രം എഴുന്നള്ളിപ്പിനും വൃശ്ചികോത്സവത്തിനും. പ്രധാന കല്ലറയിൽ (3.901 കിലോ)
4. കല്ലുകോലം: വൃശ്ചികോത്സവത്തിന് അഞ്ച് ദിവസം. പ്രധാന കല്ലറയിൽ (3.642 കിലോ)
എഴുന്നള്ളിപ്പിന്
സ്വർണവസ്തു മാത്രം
വൃശ്ചികോത്സവ തൃക്കേട്ടനാളിലെ എഴുന്നള്ളിപ്പിന് പൂർണത്രയീശന് സ്വർണത്തിന്റെ വസ്തുക്കൾ മാത്രമേ ഉപയോഗിക്കൂ. കോലം, തിടമ്പ്, നെറ്റിപ്പട്ടം, മകുടം, കോലത്തിന് ചൂടുന്ന കുട, ചാമരത്തിന്റെ പിടികൾ തുടങ്ങി കാണിക്കയർപ്പിക്കുന്ന കുടംവരെ സ്വർണത്തിന്റേതാണ്.