സ്വർണം പൂശിയ പാളികൾ ദ്വാരപാലക ശില്പങ്ങളിൽ തിരികെസ്ഥാപിച്ചു

Saturday 18 October 2025 3:44 AM IST

ശബരിമല: തുലാമാസ പൂജകൾക്കായി നടതുറന്ന ഇന്നലെ വൈകിട്ട് സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയ പാളികൾ തിരികെ സ്ഥാപിച്ചു. കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണപ്പാളികൾ ഇന്നലെ വൈകിട്ട് പുറത്തെടുത്തു. 4.30ന് പ്രവൃത്തികൾ ആരംഭിച്ചു. മാന്നാർ അനന്തൻ ആചാരി, മകൻ അനു അനന്തൻ എന്നിവരുടെ നേതൃത്വത്തിൽ 6.45നാണ് പണികൾ പൂർത്തിയാക്കിയത്. തീർത്ഥാടകർക്ക് ദർശനത്തിന് തടസ്സം സൃഷ്ടിക്കാതെയാണ് ജോലികൾ നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് ,​അംഗങ്ങളായ അഡ്വ.എ. അജികുമാർ, അഡ്വ. പി.ഡി.സന്തോഷ് കുമാർ, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, തിരുവാഭരണം കമ്മിഷണർ ആർ. രജിലാൽ, ദേവസ്വം വിജിലൻസ് എസ്.പി സുനിൽകുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ്, ദേവസ്വം സ്മിത്ത്, ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പാളികൾ പുനസ്ഥാപിച്ചത്. തുടർന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ശുദ്ധി പൂജകൾ നടന്നു. ദ്വാരപാലക ശിൽപ്പങ്ങളിലെ 12 പാളികളാണ് അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയത്. 12 പാളികളുടെ ആകെ ഭാരം 22. 833 കിലോഗ്രാം ആയിരുന്നു. ഇതിൽ സ്വർണം 281.200 ഗ്രാം ആയിരുന്നു. അറ്റകുറ്റപ്പണികൾക്ക് ശേഷം തിരികെ എത്തിച്ചപ്പോൾ ആകെ ഭാരം 22.876 കിലോഗ്രാമാണ്. അതിൽ സ്വർണത്തിന്റെ ഭാരം 290. 902 ഗ്രാമാണ്. സ്വർണത്തിന്റെ ഭാരം 9. 702 ഗ്രാം കൂടി. ദേവസ്വം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാളികളിലെ സ്വർണത്തിന്റെയും ചെമ്പിന്റെയും തൂക്കം കൃത്യമായി രേഖപ്പെടുത്തിയ മഹസറും തയ്യാറാക്കി.