സ്വർണം വീതിച്ചുനൽകിയെന്ന് പോറ്റി, ഉന്നതരും അകത്താകും, 14 ദിവസം കസ്റ്റഡിയിൽ
കുടുക്കിയതെന്നും പോറ്റി
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെയും വാതിൽപ്പടിയിലെയും കിലോക്കണക്കിന് സ്വർണം കൊള്ളയടിച്ചതിൽ പങ്കാളികളായവരെല്ലാം ഉടൻ അകത്താവും. സ്വർണം ഉദ്യോഗസ്ഥർക്ക് വീതിച്ചുനൽകിയെന്നടക്കം വിവരങ്ങൾ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് പറഞ്ഞു. ദേവസ്വം ഉന്നതർ അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും.
കട്ടിളപ്പാളിയിലെ സ്വർണം കവർന്നതിനുള്ള രണ്ടാമത്തെ കേസിലും നടപടി പിന്നാലെ വരും. എട്ടാം പ്രതിസ്ഥാനത്ത് ബോർഡ് ഭരണസമിതിയാണ്. ഈ കേസിൽ പോറ്റിയെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇന്നലെ പുലർച്ചെ 2.45ന് അറസ്റ്രുചെയ്ത പോറ്റിയെ രാവിലെ പത്തരയോടെ റാന്നി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. പതിനാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട പോറ്റിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്.
'' എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരും" എന്നാണ് മാദ്ധ്യമങ്ങളോട് പോറ്റി പ്രതികരിച്ചത്.
ദേവസ്വത്തിലെ ഉന്നതരുടെ അറിവോടെയും സമ്മതത്തോടെയും കൂടിയാണ് സ്വർണം കവർന്നെന്നാണ് മൊഴി. ഇതിനുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്. സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറാൻ വ്യാജരേഖ ചമച്ചതടക്കം ഗുരുതര കുറ്റങ്ങളുടെ തെളിവുകളാണിത്.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണം പൂശലിനു ശേഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം കൈപ്പറ്റിയ പോറ്റിയുടെ കൂട്ടാളി കൽപ്പേഷിന് ഹാജരാവാൻ നോട്ടീസ് നൽകിയതായാണ് സൂചന. സ്വർണപ്പാളികൾ ബംഗളുരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും കൊണ്ടുപോയതിലും കൽപ്പേഷിന് പങ്കുണ്ട്. ചെമ്പാണെന്ന് രേഖ ചമച്ച അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും ഉടൻ അറസ്റ്റ് ചെയ്തേക്കും. 9 ഉദ്യോഗസ്ഥരെയാണ് പ്രതികളാക്കിയിരിക്കുന്നത്. പോറ്റിയെ ചെന്നൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും.
ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പ് തകിടുകൾ പോറ്റിക്ക് കൈമാറാൻ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ഉത്തരവ് നൽകിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഇത് ദേവസ്വം പ്രസിഡന്റിനെയും അംഗങ്ങളെയും രക്ഷിക്കാനുള്ള കള്ളക്കളിയാണെന്ന് ആരോപണമുണ്ട്.
ഗൂഢാലോചനയിൽ
സ്മാർട്ട് ക്രിയേഷൻസും
ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം വേർതിരിച്ചുനൽകിയ ചെന്നൈ അമ്പത്തൂരിലെ സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് വിശദമായി അന്വേഷിക്കുകയാണ്. ഗൂഢാലോചനയിൽ ഇവർക്കും പങ്കുണ്ടെന്നാണ് നിഗമനം.
സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും പോറ്റിയുടെ സ്‌പോൺസർമാരിലൊരാളായ നാഗേഷും തമ്മിൽ ബന്ധമുണ്ട്. നാഗേഷിനെയും ചോദ്യംചെയ്യും. അന്വേഷണം തുടങ്ങിയശേഷം പോറ്റി ചെന്നൈയിലെത്തി ഭണ്ഡാരിയെ കണ്ടിരുന്നു
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പോറ്റി ദേവസ്വംവിജിലൻസിന് മൊഴിനൽകാനെത്തിയത്. സ്വർണം വേർതിരിക്കാൻ മഹാരാഷ്ട്രയിൽ നിന്ന് വിദഗ്ദ്ധനെ എത്തിച്ചതും വേർതിരിച്ച സ്വർണം പോറ്റിക്ക് കൈമാറിയതും അന്വേഷണപരിധിയിലാണ്