പത്തു മണിക്കൂർ ചോദ്യംചെയ്യൽ, മണിമണിപോലെ പോറ്റിയുടെ മൊഴി

Friday 17 October 2025 11:47 PM IST
ശബരിമല സ്വർണ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഉണ്ണി കൃഷ്ണൻ പോറ്റിയെ റാന്നി ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കുന്നതിനായി തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്നും പുറത്തേക്കിറക്കിയപ്പോൾ

തിരുവനന്തപുരം: അറസ്റ്റ് ചെയ്യും മുൻപ് ഉണ്ണികൃഷ്ണൻ പോറ്റിയെ പത്ത് മണിക്കൂറിലേറെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. സ്വർണക്കൊള്ളയുടെ വിവരങ്ങൾ പോറ്റി വെളിപ്പെടുത്തിയതായാണ് സൂചന. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതർക്ക് സ്വർണക്കൊള്ളയിലെ പങ്ക് പോറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. നടന്നത് വൻഗൂഢാലോചനയെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പലരിൽ നിന്നും പണം കൈപ്പറ്റിയെന്നും പോറ്റി മൊഴി നൽകിയിട്ടുണ്ട്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഉരുക്കി മാറ്റിയ സ്വർണം ഏറ്റുവാങ്ങിയത് കൽപ്പേഷായിരുന്നു. ഉദ്യോഗസ്ഥർക്ക് പുറമെ ഭരണസമിതിയും തന്നെ സഹായിച്ചിട്ടുണ്ടെന്നും ഇവർക്കെല്ലാം താൻ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും പോറ്റി വെളിപ്പെടുത്തിയതായാണ് അറിയുന്നത്. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എസ്.പി പി.ബിജോയിയുടെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യൽ. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. ശശിധരനും രാത്രി പന്ത്രണ്ടരയോടെയെത്തി ചോദ്യം ചെയ്തു.