മണ്ണ് പൊന്നാക്കി പെൺകരുത്ത്

Friday 17 October 2025 11:48 PM IST

കുടുംബശ്രീയിലൂടെ വനിതാകർഷകരുടെ മുന്നേറ്റം

പത്തനംതിട്ട : ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കൃഷിചെയ്യുന്ന വനിതാ കർഷകർ വർദ്ധിക്കുന്നു. . നിലവിൽ 30,​686 വനിതാ കർഷകരാണ് ജില്ലയിലുള്ളത്. വാണിജ്യാവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നവരാണിവർ. ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നങ്ങൾ നേരിട്ട് വിപണിയിലെത്തിച്ച് കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനാൽ നിരവധി പേരാണ് കാർഷിക മേഖലയിലേക്കെത്തുന്നത്. വാഴ, പച്ചക്കറികൾ, പൂക്കൾ എന്നിവയാണ് പ്രധാന കൃഷികൾ. ചില്ലി ഗ്രാം എന്ന പദ്ധതിയിലൂടെ കുടുംബശ്രീ വനിതകൾ മുളക് കൃഷി ചെയ്തത് വലിയ വിജയമായി മാറിയിരുന്നു. പത്തനംതിട്ടയിലാണ് ഈ പദ്ധതിക്ക് തുടക്കം . ഓണത്തിന് പച്ചക്കറികളും പൂക്കളും വിഷുവിന് കണി വെള്ളരിയും കൃഷി ചെയ്യുന്നതും കുടുംബശ്രീ വനിതാ കർഷകരാണ്. ചെറിയ ജെ.എൽ.ജി സംഘങ്ങളായി തിരിഞ്ഞാണ് കൃഷി . ഇതിനാവശ്യമായ ഫണ്ട് നൽകുന്നത് കുടുംബശ്രീയാണ്.

പയർ, പാവൽ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പടവലം, ചേന , ചേമ്പ്, ചീര,വെള്ളരി, മത്തൻ , ബന്തി, വാടാമല്ലി, ഏത്തവാഴ തുടങ്ങിയ കൃഷികളും പരീക്ഷണാർത്ഥം കാബേജ്, കാരറ്റ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്.ജില്ലയിലെ വിവിധ ആദിവാസി കോളനികളിലായി 184 പേർ കൃഷിയിൽ പങ്കാളികളാണ്. ഇവർ 46 ജെ.എൽ.ജി ഗ്രൂപ്പുകളായി തിരിഞ്ഞാണ് കൃഷി ചെയ്യുന്നത്.

വിപണനത്തിനും സൗകര്യം

കുടുംബശ്രീ നാട്ടുചന്ത, വെജിറ്റബിൾ കിയോസ്‌ക്, വിപണനമേളകൾ എന്നിവയിലൂടെയാണ് കാർഷിക ഉത്പന്നങ്ങൾ ജനങ്ങളിലെത്തിക്കുന്നത്.നിലമൊരുക്കൽ. തൈനടൽ, വിള പരിപാലനം, കീട നിയന്ത്രണം തുടങ്ങിയവയിൽ വനിതാകർഷക ഗ്രൂപ്പുകൾക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

വനിതാ കർഷകർ : 30686

ആദിവാസി കോളനികളിൽ 184 പേർ