ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൂട്ട് സി.പി.എം: എ.പി. അനിൽകുമാർ

Friday 17 October 2025 11:49 PM IST

റാന്നി: ശബരിമല സ്വർണമോഷണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സി.പി.എം. നേതാക്കളെ തീറ്റിപ്പോറ്റുന്ന പോറ്റിയാണെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ ആരോപിച്ചു. മോഷണക്കേസിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്താണ് പ്രധാന പ്രതിയെന്നും അദ്ദേഹം പറഞ്ഞു. . യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയ്ക്ക് റാന്നിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേവസ്വം മാനുവലും 2023-ലെ കോടതി വിധിയും ശബരിമലയിലെ അമൂല്യമായ വസ്തുക്കൾ പുറത്തേക്ക് കൊണ്ടുപോകരുതെന്ന് വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൊടുത്തുവിടാൻ തയ്യാറായ ബോർഡ് പ്രസിഡന്റ് പ്രശാന്ത് ഈ കൊള്ളയിലെ പ്രധാന പ്രതിയാണ്. പ്രശാന്ത് ഇതിന് തയ്യാറായതിന് പിന്നിൽ സി.പി.എമ്മിലെ ഉന്നത നേതാക്കളുടെ ഇടപെടൽ സംശയിക്കണം. അവർ ആരാണെന്ന് കണ്ടെത്തിയാലേ അയ്യപ്പന്റെ നഷ്ടപ്പെട്ട സ്വത്ത്‌ വീണ്ടെടുക്കാനും യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കഴിയൂ എന്നും അനിൽകുമാർ പറഞ്ഞു. . ടി.കെ. സാജു അദ്ധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റൻ അടൂർ പ്രകാശ് എം.പി., വൈസ് ക്യാപ്റ്റൻ എം. വിൻസെന്റ് എം.എൽ.എ., കെ.പി.സി.സി. ജനറൽ സെക്രട്ടറിയും ജാഥാ മാനേജരുമായ അഡ്വ. പഴകുളം മധു, കെ.പി.സി.സി. വൈസ് പ്രസിഡന്റുമാരായ രമ്യ ഹരിദാസ്, ജെയ്‌സൺ ജോസഫ്, ജനറൽ സെക്രട്ടറിമാരായ എം.എം. നസീർ, പി. മോഹൻരാജ്, മാലേത്ത് സരളാദേവി , ആന്റോ ആന്റണി എം.പി, അബിൻ വർക്കി, സതീഷ് കൊച്ചുപറമ്പിൽ, റിങ്കു ചെറിയാൻ, ഏബ്രഹാം മാത്യു പനച്ചു മുട്ടിൽ, സതീഷ് പണിക്കർ, ലാലുജോൺ, പി.കെ. മോഹൻരാജ്, സിബി താഴത്തില്ലത്ത്, കാട്ടൂർ അബ്ദുൽസലാം, കെ. ജയവർമ്മ, സി.കെ. ബാലൻ, ലിജു ജോർജ്, അഹമ്മദ് ഷാ, സ്വപ്ന സൂസൻ ജേക്കബ്, മിനി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.