ഫാക്ടറിക്ക് 240 കോടിയുടെ ബാദ്ധ്യത; ട്രാക്കോ കേബിൾ ഫാക്ടറി അതിജീവനത്തിന്
തിരുവല്ല : സാമ്പത്തിക ബാദ്ധ്യതകളെ തുടർന്ന് പ്രതിസന്ധിയിലായ ട്രാക്കോ കേബിൾ ഫാക്ടറിയുടെ പ്രവർത്തനം ഊർജ്ജിതമാക്കാൻ വഴിയൊരുങ്ങുന്നു. ജനുവരി മുതൽ ഫാക്ടറിയുടെ നില മെച്ചപ്പെടുത്താനാണ് നീക്കം. പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ ഫാക്ടറിയുടെ ചുമത്ര, ഇരുമ്പനം യൂണിറ്റുകളുടെ പ്രവർത്തനമാണ് നാല് വർഷത്തോളമായി പ്രതിസന്ധിയിൽ തുടരുന്നത്.
യൂണിറ്റുകളെ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുമ്പനത്തെ 68 ജീവനക്കാരെ തിരുവല്ലയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനെതിരെ ജീവനക്കാർ കോടതിയെ സമീപിച്ചത് നീക്കങ്ങൾക്ക് തിരിച്ചടിയായി. എന്നാൽ ജീവനക്കാരുമായി ഉന്നതർ ഇടപെട്ട് നടത്തിയ ചർച്ചകൾ ഫലം കണ്ടതിനെ തുടർന്ന് കേസ് പിൻവലിച്ചതായാണ് വിവരം. പ്രവർത്തന മൂലധനം ലഭിച്ചാൽ കമ്പനിക്ക് ഓർഡർ സ്വീകരിച്ച് മുന്നോട്ട് പോകാനാകും. ഫാക്ടറിയുടെ പ്രവർത്തനം ഊർജ്ജിതമാകുന്നതോടെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഗഡുക്കളായി നൽകാനും വായ്പ തിരിച്ചടയ്ക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പ്രതിസന്ധിയെ തുടർന്ന് ഒന്നരവർഷം മുമ്പ് ഫാക്ടറിയുടെ പുനരുജ്ജീവനത്തിനായി സർക്കാർ 7.5 കോടി രൂപ അനുവദിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല.
ട്രാക്കോ കേബിൾ ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള കേബിളുകൾക്ക് എപ്പോഴും നല്ല ഡിമാന്റാണ്. ഐ.എസ്.ഒ, ഐ.എസ്.ഐ അംഗീകാരമുള്ള കേബിളുകൾ ആവശ്യാനുസരണം ഉത്പാദിപ്പിക്കാൻ കഴിയാത്തതാണ് കമ്പനി നേരിടുന്ന പ്രധാന പ്രശ്നം. സാധന സാമഗ്രികളുടെ ലഭ്യതക്കുറവും നവീകരണവും തൊഴിലാളികളുടെ വിന്യാസവുമൊക്കെ ഫാക്ടറിയുടെ വികസനത്തിന് തടസമായി. നിലവിൽ ചുമത്രയിൽ ഇരുമ്പനത്തെ ഉൾപ്പെടെ 150 ജീവനക്കാരുണ്ട്.ബി.എസ്.എൻ.എല്ലിന് ആവശ്യമായ കേബിൾ നിർമ്മിച്ചു നൽകാനായി 1990ലാണ് ചുമത്ര യൂണിറ്റ് തുടങ്ങിയത്. എന്നാൽ കേബിളുകളുടെ ആവശ്യം കുറഞ്ഞതോടെ കെ.എസ്.ഇ.ബിയുടെ ആവശ്യപ്രകാരം എ.സി.എസ്.ആർ കേബിളുകൾ നിർമ്മിച്ചു.
യൂണിറ്റുകൾ സംയോജിപ്പിക്കും
1. പ്രതിസന്ധിയിലായ ചുമത്ര, ഇരുമ്പനം യൂണിറ്റുകളെ സംയോജിപ്പിച്ച് ചുമത്രയിലെ യുണിറ്റ് വിപുലപ്പെടുത്താനാണ് ഉന്നതതലത്തിൽ നീക്കങ്ങൾ പുരോഗമിക്കുന്നത്. കമ്പനിയുടെ വായ്പ, ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും , അസംസ്കൃത വസ്തുക്കളുടെയും മറ്റും വിതരണക്കാരുടെ കടം എന്നിവ ഉൾപ്പെടെ 240 കോടിയിലധികം രൂപയുടെ സാമ്പത്തിക ബാദ്ധ്യത ഫാക്ടറിക്ക് ഉണ്ടെന്നാണ് വിവരം.
2 ഈ ബാദ്ധ്യതകൾ ഒഴിവാക്കാനും ഫാക്ടറി പ്രവർത്തിപ്പിക്കാൻ ആവശ്യമായ മൂലധനം കണ്ടെത്താനുമുള്ള നടപടികളാണ് സർക്കാർ തലത്തിൽ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുമ്പനത്തെ ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള 35 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇൻഫോ പാർക്കിന് കൈമാറി പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.
ചെറിയ ഒാർഡറുകൾ മാത്രം
വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളതിനാൽ ചെറിയ ഓർഡറുകൾ സ്വീകരിച്ചാണ് ചുമത്രയിലും കണ്ണൂരിലെ പിണറായിയിലും ഫാക്ടറിയുടെ പ്രവർത്തനം തുടരുന്നത്. കെ.എസ്.ഇ.ബിയുടെ ഡിവിഷനുകളിൽ നിന്ന് കണ്ടക്ടറുകൾ വാങ്ങി ഇൻസുലേറ്റ് ചെയ്യുന്ന ജോലികളാണ് ചുമത്രയിൽ നടക്കുന്നത്. കണ്ണൂരിലെ ഫാക്ടറിയിൽ നടക്കുന്നത് വീടുകളിലേക്ക് ആവശ്യമുള്ള വൈദ്യുതി കേബിളുകളുടെ നിർമ്മാണമാണ്. ഇതും ആവശ്യാനുസരണം ഉൽപ്പാദിപ്പിക്കുന്നില്ല.
" കഴിഞ്ഞ മൂന്ന് മാസമായി ട്രാക്കോ കേബിൾ ഫാക്ടറിയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നുണ്ട്. "
അധികൃതർ