അതുല്യയുടെ മരണം ഭർത്താവിനെതിരായ കൊലക്കുറ്റം ഒഴിവാക്കി

Saturday 18 October 2025 1:00 AM IST

കൊല്ലം: തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കറിനെതിരെയുള്ള (40) കൊലക്കുറ്റം ഒഴിവാക്കി ക്രൈം ബ്രാഞ്ച്. പകരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. മുമ്പ് ഉൾപ്പെടുത്തിയിരുന്ന സ്ത്രീധന പീഡനം ഉൾപ്പടെയുള്ളവ നിലനിൽക്കും.

പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് അന്വേഷണസംഘം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞമാസം അവസാനം സതീഷിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് കൊല്ലം ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായ സതീഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി ഡിവൈ.എസ്.പി അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം ചോദ്യം ചെയ്തു. എഫ്.ഐ.ആറിൽ സതീഷിനെതിരെ ആരോപിക്കുന്ന കൊലക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ജാമ്യം റദ്ദാക്കിയപ്പോൾ സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് പൊലീസ് ഒരു വകുപ്പ് ഒഴിവാക്കിയതും മറ്റൊന്ന് ചേർത്തതും.

അതുല്യ കൊല്ലപ്പെട്ടതാണെന്നും കാരണക്കാരൻ സതീഷാണെന്നുമാണ് മാതാപിതാക്കൾ ചവറ തെക്കുംഭാഗം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അതനനുസരിച്ചാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്.

കഴിഞ്ഞ ജൂലായ് 19നാണ് ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ റീ പോസ്റ്റ്മോർട്ടത്തിലും കഴുത്ത് ഞെരിഞ്ഞുള്ള മരണം എന്നാണുള്ളത്.