യാത്ര മരുന്നായി ; വിഷാദത്തെ മറികടന്ന് ഫായിസ്

Saturday 18 October 2025 1:02 AM IST

കോഴിക്കോട്: ഹൃദ്രോഗിയായ ബാപ്പ അഷ്റഫിനെ പരിചരിക്കാൻ സൗദിയിലെ ജോലിപേക്ഷിച്ച ഫായിസ്, വിഷാദത്തെ മറികടക്കാനാണ് സെെക്കിൾ യാത്ര തുടങ്ങിയത്. യാത്രയുടെ ഹരമറിഞ്ഞതോടെ വിഷാദം പമ്പകടന്നു. ബാപ്പയുടെ രോഗവും തുടർന്നുള്ള വേർപാടുമാണ് ഫായിസിനെ തളർത്തിയത്.

വിപ്രോ കമ്പനിയിൽ നെറ്റ്‌വർക്ക് എൻജിനിയറുടെ ജോലി ഉപേക്ഷിക്കേണ്ടിവന്നതോടെ സാമ്പത്തിക പ്രശ്‌നവും അലട്ടി. മാനസികമായി തകർന്നുപോകുമെന്ന അവസ്ഥയിലാണ് ആദ്യം നാട്ടിൽ ചെറുയാത്രകൾ നടത്തിയത്. തുടർന്ന് പാലക്കാട്ടേ‌ക്കും മംഗലപുരത്തേക്കുമായിരുന്നു യാത്ര. തെെറോയ്ഡ് ഉള്ളതിനാൽ തടി കൂടുന്നത് തടയാനും ലക്ഷ്യമിട്ടു. അങ്ങനെ 38കാരനായ കോഴിക്കോട് തലക്കളത്തൂർ ഫായിസ് അഷ്റഫ് അലി ഇതുവരെ ചുറ്റിയത് 37 രാജ്യങ്ങൾ.

ഇപ്പോൾ അമേരിക്കൻ യാത്രയ്‌ക്കുള്ള തയ്യാറെടുപ്പിലാണ്. ആരോഗ്യസംരക്ഷണം,ലോകസമാധാനം,സീറോ കാർബൺ,ലഹരി വിരുദ്ധ ബോധവത്കരണം എന്നിവയാണ് യാത്രാസന്ദേശങ്ങൾ. സ്‌പോൺസർഷിപ്പിലൂടെയാണ് ചെലവിനുള്ള പണം കണ്ടെത്തുക. യാത്രയിൽ പലരും സഹായിക്കും. മൊത്തം ചെലവായത് ഏകദേശം 25ലക്ഷം രൂപ. ഭാര്യ: ഡോ.അസ്മിൻ ഫായിസ്. മക്കൾ: ഫെഹസിൻ ഒമർ,ഐസിൻ നഹേൽ (വിദ്യാർത്ഥികൾ).

സൈക്കിളിൽ ലോകം ചുറ്റി

2015ലാണ് നാട്ടിലെത്തിയത്. മൂന്നുവർഷം ബാപ്പയെ പരിചരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം 2019ൽ സിംഗപ്പൂരിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കൊവിഡുകാലത്ത് ഇടവേളയെടുത്തു. 2022ൽ തിരുവനന്തപുരത്തു നിന്ന് വീണ്ടും തുടങ്ങിയ യാത്ര രണ്ടുവർഷം കൊണ്ട് ലണ്ടനിലെത്തി. വിസ പുതുക്കാൻ നാട്ടിലെത്തിയ ശേഷം ഇറാഖ്,ഇറാൻ,നേപ്പാൾ,ഭൂട്ടാൻ,മ്യാൻമർ,തായ്ലാൻഡ്, മലേഷ്യ,സിംഗപ്പൂർ, കുവെെറ്റ്,ഒമാൻ,യു.എ.ഇ,സൗദി,ഖത്തർ,ബഹ്റിൻ,അർമേനിയ,ജോർജിയ... അങ്ങനെ നീളുന്നു യാത്ര.

യാത്ര തുടങ്ങും മുമ്പുള്ളതിനേക്കാൾ ആരോഗ്യവും ആത്മവിശ്വാസവും

ഇപ്പോഴുണ്ട്. എവിടെയും കടന്നുചെല്ലാനുള്ള ധെെര്യവും കിട്ടി.

ഫായിസ്