എന്റേത് 97ലും കഥയിലൊതുങ്ങിയ ചെറിയ ലോകം: ടി.പത്മനാഭൻ
തലശ്ശേരി: 97 വയസിലും കഥയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചെറിയ ലോകമാണ് തന്റേതെങ്കിൽ, എം.ടി.വാസുദേവൻ നായരുടെ സാഹിത്യ ജീവിതം കഥ, നോവൽ, നാടകം, തിരക്കഥാകൃത്ത് തുടങ്ങി സംവിധായകൻ വരെ അനുദിനം വളർന്നു കൊണ്ടിരുന്നതായിരുന്നുവെന്ന് കഥാകൃത്ത് ടി.പത്മനാഭൻ.
എം.ടിയെ തെറി പറയുന്ന ഒരാളായിട്ടാണ് പലരും കരുതിയത്. താൻ ഒരിക്കലും എം.ടിയെ തെറി പറഞ്ഞിട്ടില്ല. എം.ടിയുമായി ഊഷ്മള ബന്ധം തനിക്കുണ്ടായിരുന്നു.തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി എം.ടിക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള 'കാലം': മായാചിത്രങ്ങൾ'ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമ്മാല്യം പോലൊരു സിനിമയെക്കുറിച്ച് ഇന്ന് ചിന്തിക്കാൻ പോലും കഴിയില്ല.ഇന്നത്തെ കാലത്ത് സിനിമയിലെ ഭഗവതി വിഗ്രഹത്തിലെ ശക്തമായ രംഗം ചിത്രീകരിക്കാൻ പോലും കഴിയില്ലായിരുന്നു. സിനിമകൾ നിർമ്മിക്കുന്നതിന് മുന്നെ തന്നെ സെൻസർ ബോർഡിന് നൽകേണ്ട സ്ഥിതിയാണ് .എന്തു പേരിടണം, ഭക്ഷണം, വസ്ത്രം തുടങ്ങി ഒരുപാട് കടമ്പകൾ കടന്നിട്ടാണ് ഇന്ന് സിനിമ രൂപപ്പെടുന്നത്. കഥയിൽ മാത്രം ഒതുങ്ങി നിന്നെങ്കിലും താൻ അതിൽ സംതൃപ്തനാണെന്നും ടി.പത്മനാഭൻ പറഞ്ഞു.
എം.ടിയുടെ ചലച്ചിത്ര ജീവിതവുമായി ബന്ധപ്പെട്ട 100 ഓളം ചിത്രങ്ങളാണ് എക്സിബിഷനിൽ . ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആർ.ഗോപാലകൃഷ്ണനാണ് ക്യുറേറ്റർ. മഞ്ഞ്, താഴ്വാരം, ദയ, വാരിക്കുഴി, പെരുന്തച്ചൻ, പരിണയം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, വൈശാലി തുടങ്ങിയ ചിത്രങ്ങളുടെ ലൊക്കേഷനിൽ അണിയറ പ്രവർത്തകർക്കൊപ്പമുള്ള എം.ടിയുടെ ചിത്രങ്ങൾ, എംടിയുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ എന്നിവ ഉൾപ്പെടുത്തി. ലിബർട്ടി തിയേറ്റർ പരിസരത്ത് പവലിയനിൽ നടന്ന ചടങ്ങിൽ റബ്‌കോ ചെയർമാൻ കാരായി രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായി.ചലച്ചിത്ര അക്കാഡമി ചെയർപേഴ്സൺ പ്രേംകുമാർ ആമുഖപ്രഭാഷണം നടത്തി. ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ്,എക്സിബിഷന്റെ ക്യൂറേറ്റർ ആർ. ഗോപാലകൃഷ്ണൻ, ലിബർട്ടി ബഷീർ, ചലച്ചിത്ര താരം സുശീൽ കുമാർ തിരുവങ്ങാട്,മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് സജീവ് മാറോളി, അനീഷ് പാതിരിയാട് എന്നിവർ പങ്കെടുത്തു.ഗാസയിലെ കുരുന്നുകൾക്ക് യോഗം ഐക്യദാർഢ്യം രേഖപ്പെടുത്തി.