ടോൾവിലക്ക് നീക്കി ഹൈക്കോടതി പാലിയേക്കര: കൂട്ടിയ നിരക്ക് ഈടാക്കരുത്
കൊച്ചി: ദേശീയപാതയിൽ തൃശൂർ പാലിയേക്കരയിലെ ടോൾപിരിവിനുള്ള വിലക്ക് ഹൈക്കോടതി നീക്കി. അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് സർവീസ് റോഡുകളിൽ ഗതാഗതം മെച്ചപ്പെട്ടെന്ന റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി. അതേസമയം, അടുത്തിടെ വർദ്ധിപ്പിച്ച നിരക്ക് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഈടാക്കരുതെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഗതാഗതക്കുരുക്കിന്റെ പേരിൽ 71 ദിവസം മുമ്പാണ് ഹൈക്കോടതി ടോൾ വിലക്കിയത്. വിലക്ക് നീങ്ങിയതോടെ ഇന്നലെ വൈകിട്ട് അഞ്ചരയോടെ ടോൾ പിരിവ് പുനഃരാരംഭിച്ചു.
അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും വാഹനത്തിരക്കും സുരക്ഷാപ്രശ്നങ്ങളും തുടരുകയാണെന്ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള മേൽനോട്ടസമിതി റിപ്പോർട്ട് നൽകി. ഈ വിഷയങ്ങൾ മുൻഗണനാ ക്രമത്തിൽ പരിഹരിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകി. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി രണ്ടാഴ്ചയ്ക്കുശേഷം പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു.പാലിയേക്കരയിൽ ശരാശരി 15കോടി രൂപയാണ് പ്രതിമാസം ടോൾ പിരിച്ചിരുന്നത്. വിലക്ക് നീണ്ടുപോയാൽ അത് സർക്കാരും കരാറുകാരുമായുള്ള നിയമനടപടികൾക്കിടയാകും. അടിപ്പാതയുടെ നിർമ്മാണം പൊതുനന്മയെ കരുതിയാണ്. റോഡുപണി നടക്കുന്നിടത്ത് അസൗകര്യങ്ങളുണ്ടാകും. ജനങ്ങളും സഹകരിക്കണമെന്ന് വ്യക്തമാക്കിയാണ് കോടതി ടോൾ പുനഃസ്ഥാപിച്ചത്.
ജനം പരാജയ
പക്ഷത്താകരുത്
ജനം പരാജയ പക്ഷത്താകരുതെന്ന് വിലയിരുത്തിയാണ് പുതുക്കിയ നിരക്ക് ഈടാക്കുന്നത് താത്കാലികമായി തടഞ്ഞത്. ഹൈവേ പൂർവസ്ഥിതിയിലാകാൻ എട്ടു മാസംകൂടി വേണമെന്നാണ് അധികൃതർ അറിയിച്ചത്. കേസ് അവസാനിപ്പിക്കുന്നില്ലെന്നും ഓരോ സമയത്തും ഉചിതമായ നിർദ്ദേശങ്ങളുണ്ടാകുമെന്നും കോടതി പറഞ്ഞു.