ഇൻഫോപാർക്ക് നാലാംഘട്ട വികസനത്തിന് 33.5 ഏക്കർ

Saturday 18 October 2025 1:15 AM IST

തിരുവനന്തപുരം: ഇൻഫോപാർക്കിന്റെ നാലാംഘട്ട വികസനത്തിനായി ഇരുമ്പനത്ത് 33.5 ഏക്കർ ഭൂമി കൈമാറാൻ സർക്കാർ തീരുമാനം. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന്റെ ഭൂമിയാണിത്. ലാൻഡ് പൂളിംഗ് മുഖേന വിഭാവനം ചെയ്തിട്ടുള്ള ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനത്തിനുശേഷം ഏറ്റെടുക്കുന്ന ഫേസ് 4 നായാണ് ഭൂമി കൈമാറുന്നത്. ഇൻഫോപാർക്കിന്റെ അഭ്യർത്ഥന അംഗീകരിച്ചാണ് തീരുമാനമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

സീപോർട്ട് എയർപോർട്ട് റോഡിന് സമീപമുള്ള ഭൂമിയിൽ ഇൻഫോപാർക്ക് ഫേസ് 4 യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി കൈമാറ്റ വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി, ഇൻഫോപാർക്ക് സി.ഇ.ഒ, ട്രാക്കോ കേബിൾ കമ്പനി എം.ഡി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിക്ക് നേരത്തെ രൂപം നൽകിയിരുന്നു. ഇൻഫോപാർക്കും ട്രാക്കോ കേബിൾ കമ്പനിയും പരസ്‌പര ധാരണയോടെ അംഗീകരിക്കുന്ന വില ഒടുക്കി, ഭൂമി കൈമാറാനാണ് നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ 200 കോടി രൂപയ്ക്ക് ഇൻഫോപാർക്കിന് ഭൂമി കൈമാറാനും ധാരണയായിരുന്നു. ഭൂമി കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക ട്രാക്കോ കേബിളിന്റെ ഭാവി വികസനത്തിന് ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.