കേരളത്തെ ഭൂപ്രശ്‌നങ്ങളില്ലാത്ത സംസ്ഥാനമാക്കി മാറ്റും:മന്ത്രി കെ. രാജൻ

Saturday 18 October 2025 1:20 AM IST

കൊച്ചി:2031ഓടെ കേരളത്തെ ഭൂപ്രശ്‌നങ്ങളില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു.വിഷൻ 2031ന്റെ ഭാഗമായി സർവേയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം കളമശേരി കേരള സ്റ്റാർട്ട് മിഷൻ ഹബിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.സർവേനടപടികൾ സമയബന്ധിതമായി കൃത്യതയോടെ പൂർത്തിയാക്കുന്നതിന് 1,666 വില്ലേജ് ഓഫീസുകളിലും ഓരോ സർവേയർമാരെ നിയമിക്കും.അതിർത്തി തർക്കങ്ങളില്ലാത്ത ഡിജിറ്റൽ വേലിയായി മാറുന്ന റീസർവേ രേഖകൾ വികസനത്തിനും ഭൂവുടമകൾക്കും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.റവന്യൂവകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം അദ്ധ്യക്ഷനായി.സർവേയും ഭൂരേഖയും വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു,ജില്ലാ കളക്ടർ ജി. പ്രിയങ്ക,റവന്യൂ ഡെപ്യൂട്ടി ഡയറക്ടർ അനു എസ്.നായർ,തിരുവനന്തപുരം സ്മാർട്ട് സിറ്റി സി.ഇ.ഒ രാഹുൽ കൃഷ്ണ ശർമ്മ,കളമശേരി നഗരസഭ വൈസ് ചെയർപേഴ്‌സൺ സൽമ അബൂബക്കർ,അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ എന്നിവർ പങ്കെടുത്തു.