സെൻസർ പ്രശ്നം: 'ഹാൽ' സിനിമ കാണാൻ ഹൈക്കോടതി

Saturday 18 October 2025 1:22 AM IST

കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നതിന് ചില സീനുകളും ചില സംഭാഷണങ്ങളും ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ച 'ഹാൽ' സിനിമ ഹൈക്കോടതി നേരിട്ടുകണ്ട് വിലയിരുത്തും. ഹർജിക്കാരായ നിർമ്മാതാവിന്റേയും സംവിധായകന്റേയും ആവശ്യം കണക്കിലെടുത്താണ് സിനിമ കാണാമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കിയത്. ഇതിനുള്ള തീയതിയും സമയവും നിശ്ചയിക്കാനായി ഹർജി 21ന് വീണ്ടും പരിഗണിക്കും.

കേസിൽ കക്ഷിചേരാൻ കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡന്റ് കെ.വി. ചാക്കോ നൽകിയ അപേക്ഷ കോടതി അനുവദിച്ചു. ഷെയ്ൻ നിഗം നായകനായ സിനിമയിൽ മുസ്ലിംയുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം. സെൻസർ ബോർഡ് അനാവശ്യ വെട്ടുകളാണ് നിർദ്ദേശിക്കുന്നതെന്ന് നിർമ്മാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീഖ് (വീര) എന്നിവർ വാദിച്ചു. വലിയ മുതൽമുടക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. റിലീസ് വൈകുന്നതിൽ നഷ്ടമുണ്ടാകുന്നുവെന്നും അറിയിച്ചു. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണം, രാഖിധരിച്ചുവരുന്ന ഭാഗങ്ങൾ അവ്യക്തമാക്കണം, ക്രൈസ്തവമത വികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റംവരുത്തണം തുടങ്ങിയ മാറ്റങ്ങളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. അടുത്തിടെ സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട 'ജെ.എസ്‌.കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമ കോടതി നേരിട്ട് കണ്ടിരുന്നു.