കൊച്ചിക്ക് അഭിമാന നേട്ടം,​ ഒരേ സമയം നീറ്റിലിറക്കുന്നത് മൂന്നു കപ്പലുകൾ

Saturday 18 October 2025 5:07 AM IST

കൊച്ചി: മൂന്നു കപ്പലുകൾ ഒരേസമയം നീറ്റിലിറക്കുകയെന്ന അഭിമാനനേട്ടവുമായി കൊച്ചി കപ്പൽശാല. അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ, ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾറെഡി കമ്മിഷനിംഗ് സർവീസ് ഓപ്പറേഷൻ കപ്പൽ, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്‌ജറായ ഡി.സി.ഐ ഗോദാവരി എന്നിവ ഇന്ന് ഉച്ചയ്ക്ക് 2ന് നീറ്റിലിറക്കും.

നാവിക പ്രതിരോധം, വാണിജ്യ കപ്പൽ നിർമാണം, ഹരിത സമുദ്രഗതാഗതം എന്നിവയിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് കരസ്ഥമാക്കിയ എൻജിനിയറിംഗ് വൈദഗ്ദ്ധ്യത്തിന്റെയും നേതൃത്വ മികവിന്റെയും തെളിവാണ് പുതിയ കപ്പലുകൾ.

നാവികസേന വൈസ് അഡ്മിറൽ ആർ. സ്വാമിനാഥൻ, കൊച്ചി പോർട്ട് അതോറിട്ടി ചെയർപേഴ്‌സൺ ബി. കാശി വിശ്വനാഥൻ, ഡ്രഡ്‌ജിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ഡോ. എം. അംഗമുത്തു, പെലാജിക് വിൻഡ് സർവീസസ് സി.ഇ.ഒ ആന്ദ്രെ ഗ്രോനെവെൽഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ഡി.സി.ഐ ഡ്രഡ്‌ജ് ഗോദാവരി

ഡ്രഡ്‌ജിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയ്ക്ക് (ഡി.സി.ഐ) നിർമ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്‌ജറാണ് ഡി.സി.ഐ ഡ്രഡ്‌ജ് ഗോദാവരി. 12,000 ക്യുബിക് മീറ്റർ ചെളി വഹിക്കാൻ ശേഷിയുണ്ട്. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഡ്രഡ്‌ജറിന് 950 കോടി രൂപയാണ് ചെലവ്.

അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ

നാവികസേനയ്ക്ക് വേണ്ടി നിർമ്മിക്കുന്ന എട്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകളിൽ ആറാമത്തേതാണ് പൂർത്തിയാക്കിയത്. തദ്ദേശീയമായി രൂപകല്പന ചെയ്ത കപ്പലിന് 78 മീറ്റർ നീളവും 896 ടൺ ഭാരവുമുണ്ട്. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കും. അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽനിന്ന് വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകൾ, റോക്കറ്റുകൾ, മൈനുകൾ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.

കമ്മിഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ

തീരത്തുനിന്ന് വളരെ ദൂരെയുള്ള കാറ്റാടിപ്പാടങ്ങളുടെ കമ്മിഷനിംഗ്, സർവീസ്, മറ്റു പ്രവൃത്തികൾ എന്നിവയ്ക്കാണ് ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾറെഡി കമ്മിഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ. ഡീസൽ എൻജിനുകൾ പ്രവർത്തിപ്പിക്കാനും, വളരെ കുറഞ്ഞ വേഗത്തിലും തീരത്ത് അടുക്കുമ്പോഴും വൈദ്യുതി ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം. ഭാവിയിൽ മെഥനോൾ ഇന്ധനമാക്കാവുന്ന സാങ്കേതിക സൗകര്യവുമുണ്ട്. മണിക്കൂറിൽ 13 നോട്ടിക്കൽ മൈൽ വേഗതയുള്ള കപ്പലിന് 93 മീറ്റർ നീളവും 19.6 മീറ്റർ വീതിയുമുണ്ട്.