സി.ഐ.എസ്.സി.ഇ കായികമേള: എ സോൺ ചാമ്പ്യന്മാർ

Saturday 18 October 2025 5:09 AM IST

തിരുവനന്തപുരം: സി.ഐ.എസ്.സി.ഇ സംസ്ഥാന കായിക മേളയിൽ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഉള്‍പ്പെട്ട എ സോൺ ചാമ്പ്യൻമാരായി. 285 പോയിന്റ് നേടിയാണ് എ സോൺ കിരീടത്തിൽ മുത്തമിട്ടത്. തൃശൂർ, പാലക്കാട് ജില്ലകള്‍ അടങ്ങുന്ന ഇ സോൺ റണ്ണറപ്പായി.തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ സംസ്ഥാനത്തെ 6 സോണുകളിലെ 180 സ്കൂളുകളിൽ നിന്നും 936 കുട്ടികള്‍ പങ്കെടുത്തു. 108 പോയിന്റ് നേടിയ മുക്കോലയ്‌ക്കൽ സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂള്‍ ബെസ്‌റ്റ് സ്‌കൂള്‍ പദവി സ്വന്തമാക്കി. കുന്ദമംഗലം ഓക്‌സിലിയം നവജ്യോതി സ്കൂള്‍ 66 പോയിന്റോടെ രണ്ടാം സ്ഥാനം നേടി.

സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ സൂസൻ സൈജു, ശ്രീഹരൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. സ്കൂളിലെ16 കുട്ടികള്‍ ബംഗളൂരുവിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. സമാപനച്ചടങ്ങിൽ മാർത്തോമ ചർച്ച എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി രാജൻ വർഗീസ് സമ്മാനദാനം നിർവഹിച്ചു.