ഇടുക്കിയിൽ അതിശക്തമായ മഴ; കല്ലാർ ഡാമിന്റെ ഷട്ടറുകൾ മുഴുവനായും ഉയർത്തി, മുല്ലപ്പെരിയാർ ഡാം തുറക്കുമെന്ന് തമിഴ്‌നാട്

Saturday 18 October 2025 7:00 AM IST

ഇടുക്കി: ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കട്ടപ്പനയ്‌ക്ക് സമീപം ഉരുൾപൊട്ടിയതായും സംശയമുണ്ട്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കും. രാവിലെ എട്ടുമണിയോടെയാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുകയെന്ന് തമിഴ്‌നാട് അറിയിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിക്ക് മുകളിൽ എത്തിയിരിക്കുകയാണ്.

നെടുങ്കണ്ടത്ത് നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. കൂട്ടാർ, തേർഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാർ തുടങ്ങിയ ടൗണുകൾ വെള്ളത്തിനടിയിലായി. കുമളിയിൽ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തി. കല്ലാർ ഡാമിന്റെ ഷട്ടറുകൾ മുഴുവനായും ഉയർത്തി.

അതേസമയം, തുലാവ‌ർഷക്കാറ്റിന്റെയും അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. മദ്ധ്യ തെക്കൻ കേരളത്തിലെ മലയോര മേഖലകളിലാണ് കൂടുതൽ ശക്തമായ മഴ ലഭിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. ഉയർന്ന തിരമാലകൾക്കുള്ള സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.