'അബിൻ വർക്കിയെ തഴഞ്ഞു, ചാണ്ടി ഉമ്മനോട് കാട്ടിയത് അനീതി'; അതൃപ്‌തി അറിയിച്ച് ഓർത്തഡോക്സ് സഭ
കോട്ടയം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ അബിൻ വർക്കിയെ ഒഴിവാക്കിയതിൽ അതൃപ്തി അറിയിച്ച് ഓർത്തഡോക്സ് സഭ. അബിനെ വെട്ടി ഒതുക്കിയെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ് കോറോസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. മികച്ച നേതാവായ അബിൻ വർക്കി കേരളത്തിൽ നിറഞ്ഞ് നിൽക്കണമെന്നും ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്കോറോസ് പറഞ്ഞു. ചാണ്ടി ഉമ്മനോടും അനീതി കാണിച്ചു. പ്രശ്നം ഉടൻ പരിഹരിക്കണം. നേതാക്കളോട് പറയാനുള്ളത് ഓർത്തഡോക്സ് സഭ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് അബിൻ വർക്കിയും ചാണ്ടി ഉമ്മനും അതൃപ്തിയിലാണ്. ഇരുവരും പരസ്യപ്രതികരണങ്ങളും നടത്തിയിരുന്നു. കെപിസിസി ഭാരവാഹിയാക്കത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെപിസിസി മേഖലാ ജാഥയിൽ നിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടു നിന്നിരുന്നു. താൻ നിര്‍ദ്ദേശിച്ചയാളെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാത്തതിലും തൃശൂര്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനെ ഭാരവാഹിയാക്കിയതിലും കെ മുരളീധരനും അതൃപ്തിയുണ്ട്. കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാത്തതിൽ വിഷമം ഉണ്ടെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞിരുന്നു. എന്നാൽ, കാര്യമായ അതൃപ്തി ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്ന കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.