34 വർഷം പഴക്കം; ഗണേശ് കുമാറും സംഘവും സഞ്ചരിച്ചത് ഫിറ്റ്‌നസില്ലാത്ത ബസിൽ

Saturday 18 October 2025 10:44 AM IST

തൃശൂർ: പരീക്ഷണ ഓട്ടം നടത്തിയ കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസില്ല. കഴിഞ്ഞ വ്യാഴാഴ്ച സ്വരാജ് റൗണ്ടിൽ നിന്നും പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്കായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. ഈ സമയം ഗതാഗതമന്ത്രി കെബി ഗണേശ് കുമാറും റവന്യൂ മന്ത്രി കെ രാജനും അടക്കമുള്ളവർ ബസിലുണ്ടായിരുന്നു.

ഈ ബസിന് 34 വർഷം പഴക്കമുണ്ട്. 1991 ജൂണിലാണ് ബസ് നിരത്തിലിറക്കിയത്. കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിമൂന്നിനാണ് ബസിന്റെ ഫിറ്റ്നസ് കഴിഞ്ഞത്. കൊച്ചിയിൽ വിനോദ സഞ്ചാരികൾക്കുവേണ്ടി ഓടിയ ബസായിരുന്നു ഇത്. അടുത്തിടെയാണ് തൃശൂരിൽ നിന്ന് സുവോളജിക്കൽ പാർക്കിലേക്ക് സർവീസ് നടത്താൻ അധികൃതർ തീരുമാനിച്ചത്.

സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം: ആഘോഷങ്ങൾക്ക് ഇന്ന് കൊടിയേറ്റം

സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടന മഹാമഹത്തിന് ഉത്സവാന്തരീക്ഷത്തിൽ നാളെ പുത്തൂരിൽ കൊടിയേറ്റം. പത്ത് നാൾ നീളുന്ന ആഘോഷ പരിപാടികൾക്കാണ് നാളെത്തെ കൊടിയേറ്റത്തോടെ തുടക്കമാകുക. രാവിലെ ഒമ്പതിന് പാർക്കിലെ സംഘാടക സമിതി ഓഫീസിന് മുന്നിൽ മന്ത്രി അഡ്വ.കെ.രാജൻ കൊടിഉയർത്തും. ഏകദേശം 50 ലക്ഷത്തിൽ അധികം സന്ദർശകർ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തിനായി ഇനി പത്ത് ദിവസത്തെ കാത്തിരിപ്പ് മാത്രം. കൊടിയേറ്റത്തിന് ശേഷം രാവിലെ ഒമ്പതരയ്ക്ക് വിവിധ ആദിവാസി ഊരുകളിലെ കുട്ടികൾ സുവോളജിക്കൽ പാർക്ക് സന്ദർശിക്കാനെത്തും. കുട്ടികൾ പാർക്ക് സന്ദർശിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.