'ഉത്തരേന്ത്യ' പടിക്ക് പുറത്ത്, കേരളത്തിലോടുന്ന രണ്ട് വന്ദേഭാരതിലും സുപ്രധാന മാറ്റം; ഇന്നലെ മുതൽ പ്രാബല്യത്തിൽ

Saturday 18 October 2025 11:10 AM IST

തിരുവനന്തപുരം: തുടർച്ചയായ പരാതിയെ തുടർന്ന് കേരളത്തിലെ രണ്ടു വന്ദേഭാരത് ട്രെയിനുകളിലും ഭക്ഷണം നൽകിയിരുന്ന ബൃന്ദാവൻ ഫുഡ് പ്രോഡക്ടസിന്റെ സേവനം തൽക്കാലം മരവിപ്പിച്ചു. ഇവരുടെ കരാർ റദ്ദാക്കുന്നത് സംബന്ധിച്ച് ഐ.ആർ.സി.ടി.സി.യാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പകരം തിരുവനന്തപുരം- കാസർകോട് വന്ദേഭാരതിൽ എ.എസ്. സെയിൽകോർപറേഷനും മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിൽ സങ്കൽപ് ക്രിയേഷൻസിനേയുമാണ് ഭക്ഷണ വിതരണം ഏൽപിച്ചിരിക്കുന്നത്.

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിൽ പുതിയ കരാറുകാർ ഇന്നലെ വിതരണം തുടങ്ങി. ആദ്യ ദിവസം നല്ല റിപ്പോർട്ടാണ് കിട്ടിയതെന്ന് റെയിൽവേ അറിയിച്ചു. മുൻപ് നൽകിയിരുന്ന ഉത്തരേന്ത്യൻ മെനു ഒഴിവാക്കി പൂർണ്ണമായും കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ഭക്ഷണം.

പുതിയ മെനുവിൽ ചോറിനായി ബസ്മതിക്ക് പകരം മട്ട അരിയാണ് നൽകിയത്. ചപ്പാത്തി, ചെറുപയർതോരൻ, കാളൻ, ആലപ്പി വെജ് കറി, തൈര്, പാലട പായസം എന്നിവയും വെജിറ്റേറിയൻ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.നോൺ വെജ് വിഭാഗത്തിൽ ചിക്കൻ കറിയാണ് നൽകിയത്. ഐ.ആർ.സി.ടി.സി സൂപ്പർവൈസർമാർ യാത്രക്കാരിൽ നിന്ന്‌നേരിട്ട് അഭിപ്രായംശേഖരിച്ചു.

നിലവാരം തുടർന്നും ഉറപ്പാക്കാനുള്ള നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും പരാതികളുണ്ടെങ്കിൽ പരിഗണിക്കുമെന്നും റെയിൽവേ അറിയിച്ചു. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിൽ കൃത്യമായ പരിശോധനകൾ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.