ടിക്കറ്റില്ലാതെ യുവതിയുടെ സുഖയാത്ര; ചോദ്യം ചെയ്ത ടിടിഇയോട് തർക്കിച്ചു, ചൂട് ചായ ദേഹത്തൊഴിച്ചു

Saturday 18 October 2025 12:48 PM IST

ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് എല്ലാവർക്കും അറിയാം. പിഴയോ തടവോ പോലുള്ള ശിക്ഷകൾ ഉണ്ട്. എന്നിരുന്നാലും പലരും ഇതൊന്നും മുഖവിലക്കെടുക്കാറില്ല. ടിക്കറ്റില്ലാതെ എ സി കോച്ചിലടക്കം യാത്ര ചെയ്യുന്നവർ ഉണ്ട്. അത്തരത്തിലുള്ള പല വീഡിയോകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച ടിക്കറ്റില്ലാതെ എ സി കോച്ചിൽ സഞ്ചരിക്കുകയും ടിടിഇയുമായി തർക്കിക്കുകയും ചെയ്ത സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. ഇപ്പോഴിതാ അംഗീകൃത ടിക്കറ്റ് കൈവശമില്ലാതെ ഡൂൺ എക്‌സ്‌‌പ്രസിൽ യാത്ര ചെയ്ത യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ടിക്കറ്റിന്റെ പേരിൽ യാത്രക്കാരിയും ടിടിഇയും തമ്മിൽ വാക്കുതർക്കമുണ്ടായി. ടിടിഇ കോച്ചിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ആ സ്ത്രീ അതിന് തയ്യാറായില്ല. തന്നെ യാത്രക്കാരി അധിക്ഷേപിച്ചെന്നും ചൂടുചായ ദേഹത്തേക്ക് ഒഴിച്ചെന്നും ടിടിഇ ആരോപിക്കുന്നു. മറ്റ് യാത്രക്കാരും ടിടിഇയെ പിന്തുണച്ചുകൊണ്ട് സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

വീഡിയോ വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. യുവതിക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് മിക്കവരും ആവശ്യപ്പെടുന്നത്. എന്നാൽ ചിലർ ടിടിഇമാരുടെ പെരുമാറ്റത്തെ കുറിച്ചും കമന്റ് ചെയ്തിട്ടുണ്ട്. ''ലക്ഷക്കണക്കിന് ആളുകളിൽ രണ്ടോ മൂന്നോ നല്ല ടിടിഇമാർ മാത്രമേയുള്ളൂ. അതിനാൽത്തന്നെ വീഡിയോയിൽ കാണുന്ന ടിടിഇയോട് സഹതാപമില്ല.'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.