നാലടിയുള്ള മൂർഖൻ പത്തി വിടർത്തി മുറ്റത്ത്; കൊത്താൻ ശ്രമിച്ചപ്പോൾ മുന്നിൽ വളർത്തുനായ, പിന്നാലെ സംഭവിച്ചത്

Saturday 18 October 2025 1:04 PM IST

ആലപ്പുഴ: പാലൂട്ടി വളർത്തിയ ഉടമയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച റോക്കി എന്ന നായയാണ് ഇപ്പോൾ നാട്ടിലും സോഷ്യൽ മീഡിയയിലും താരം. എടത്വ പച്ച തോട്ടുകടവിൽ തുഷാരയെയാണ് മൂർഖൻ പാമ്പിന്റെ കടിയിൽ നിന്ന് റോക്കി രക്ഷപ്പെടുത്തിയത്. പാമ്പുമായി ഏറ്റുമുട്ടി ഉടമയുടെ ജീവൻ രക്ഷിക്കുന്നതിനിടെ കടിയേറ്റ നായ അവശനിലയിലായെങ്കിലും കൃത്യ സമയത്ത് ലഭിച്ച ചികിത്സയിൽ ജീവൻ തിരികെക്കിട്ടി.

വിദേശത്തുനിന്നെത്തുന്ന ഭർത്താവ് സുബാഷ് കൃഷ്ണയെ കൂട്ടിക്കൊണ്ടുവരാൻ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകാൻ തുഷാര വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. ഭിത്തിയോട് ചേർന്ന് നാലടിയോളം നീളമുള്ള മൂർഖൻ പത്തി വിടർത്തി തുഷാരയെ കൊത്താൻ ആഞ്ഞത് കണ്ട റോക്കി ഒരു നിമിഷം പോലും വൈകിയില്ല. റോക്കി പാമ്പിന്റെ മുകളിലേക്ക് ചാടി വീഴുകയായിരുന്നു.

ഏറെ നേരത്തെ പോരാട്ടത്തിനിടെ മൂന്നു തവണ നായക്ക് പാമ്പിന്റെ കടിയേറ്റു. എന്നാൽ തോൽക്കാൻ ഒരുക്കമില്ലായിരുന്ന റോക്കി പാമ്പിന്റെ തല രണ്ടായി കടിച്ചു മുറിച്ച ശേഷമാണ് പിന്മാറിയത്. അപ്പോഴേക്കും നായ തളർന്നു വീഴുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ വിമാനത്താവളത്തിലേക്ക് വരേണ്ടെന്നും റോക്കിയെ രക്ഷിക്കാൻ വേണ്ടത് ചെയ്യാനും സുബാഷ് തുഷാരയോട് പറഞ്ഞു. ഉടൻ തന്നെ കളർകോട് വെറ്ററിനറി ആശുപത്രിയിലെ ഡോ. മേരിക്കുഞ്ഞുമായി ബന്ധപ്പെട്ട് അവരുടെ നിർദേശപ്രകാരം റോക്കിയെ ഹരിപ്പാട് മൃഗാശുപത്രിയിൽ എത്തിച്ചു. നായയുടെ നില ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവല്ല മഞ്ഞാടിയിലെ വെറ്റ്സ് ആൻഡ് പെറ്റ്സ് മൾട്ടി നാഷണൽ ആശുപത്രിയിലേക്ക് മാറ്റി.

സർജൻ ഡോ. ബിബിൻ പ്രകാശിന്റെ നേതൃത്വത്തിൽ ഡോ. സിദ്ധാർഥ്, ഡോ. നിമ, ഡോ. ലിറ്റി എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ പരിശ്രമഫലമായാണ് റോക്കിയുടെ ജീവൻ രക്ഷിക്കാനായത്. ഇതിനിടെ സുബാഷ് നെടുമ്പാശേരിയിൽനിന്ന് നേരെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തുകയും ചെയ്തു. ഉടമയോടുള്ള സ്‌നേഹവും വിശ്വസ്തതയും കൊണ്ട് റോക്കി ഇപ്പോൾ നാട്ടുകാർക്കും സമൂഹമാദ്ധ്യമങ്ങളിലും ഹീറോയാണ്.