കെഎസ്ആർടിസി സ്റ്റാൻഡുകൾ വിമാനത്താവളം പോലെയാകണ്ട സാർ, ബസുകൾ ഓടാൻ ഡീസൽ മതി: വയനാട്ടിൽ കടുത്ത പ്രതിസന്ധി

Saturday 18 October 2025 1:27 PM IST

വയനാട്: ഡീസൽ ക്ഷാമം രൂക്ഷമായതോടെ വയനാട്ടിൽ കെഎസ്ആർടിസി സർവീസുകൾ താറുമാറായി. ഇതോടെ യാത്രക്കാരും കടുത്ത പ്രതിസന്ധിയിലായി. ജില്ലയിലെ കല്പറ്റയിലാണ് കടുത്ത പ്രതിസന്ധിയെന്നാണ് റിപ്പോർട്ട്. രാവിലെ സർവീസ് തുടങ്ങിയ ബസുകളിൽ പലതും ആവശ്യത്തിന് ഡീസൽ ഇല്ലെന്നുകണ്ടതോടെ ഡിപ്പോകളിൽ സർവീസ് അവസാനിപ്പിച്ചു. ഈ ബസുകളിൽ ശേഷിക്കുന്ന ഡീസൽ ഊറ്റിയെടുത്ത് ഓർഡിനറി ബസുകളിൽ നിറച്ച് സർവീസ് നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇത് എതത്തോളം വിജയിക്കുമെന്ന് വ്യക്തമല്ല. ഡീസൽ ക്ഷാമംമൂലം ജില്ലയിലാകെ 18 സർവീസുകൾ നിറുത്തിവച്ചു എന്നാണ് റിപ്പോർട്ട്.

കല്പറ്റയ്ക്കുപുറമേ ബത്തേരിയിലും മാനന്തവാടിയിലും കടുത്ത പ്രതിസന്ധിയാണ്. മാനന്തവാടിയിൽ വെറും 500 ലിറ്റർ ഡീസൽ മാത്രമാണ് ശേഷിക്കുന്നത്. ഇതുവച്ച് സർവീസുകൾ എങ്ങനെ നടത്തുമെന്നാണ് അധികൃതർ ചോദിക്കുന്നത്. രാവിലെ മൂകാംബികയ്ക്ക് പോയ ബസ് സ്വകാര്യ പമ്പിൽ നിന്നാണ് ഡീസൽ അടിച്ചത്.

രണ്ടുദിവസമായി തുടരുന്ന പ്രതിസന്ധി ഇന്നാണ് രൂക്ഷമായത്. എന്നാൽ പ്രശ്നം പരിഹരിക്കാനുള്ള ഇടപെടൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായില്ലെന്നും റിപ്പോർട്ടുണ്ട്. എന്തുകൊണ്ടാണ് ഡീസൽ പ്രതിസന്ധി ഉണ്ടായതെന്ന് വ്യക്തമല്ല.

കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കാൻ ഊർജിതശ്രമങ്ങൾ നടത്തുമ്പോൾ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളും യാത്രക്കാരും പറയുന്നത്. ബസ് സ്റ്റാൻഡുകൾ വിമാനത്താവളങ്ങളെപ്പോലെ ഉയർത്താൻ കച്ചകെട്ടി ഇറങ്ങിയവർ ആദ്യം പരിഹരിക്കേണ്ടത് ഇത്തരം പ്രശ്നങ്ങളാണെന്നാണ് യാത്രക്കാർ പറയുന്നത്.