പുലർകാലെ പത്രവിതരണം; പ്രായമായിട്ടും വിശ്രമമില്ല

Saturday 18 October 2025 3:44 PM IST

കളമശേരി: മഞ്ഞും മഴയും വെയിലും വകവെയ്ക്കാതെ രണ്ടര പതിറ്റാണ്ടായി പത്രവിതരണം ജീവനോപാധിയാക്കിയ കുടുംബിനികളാണ് ഏലൂർ വ്യവസായ മേഖലയിലെ ചക്കുതറവീട്ടിൽ സലോമി എന്നറിയപ്പെടുന്ന ഫിലോമിനയും മുണ്ടാംകുന്നിൽ വീട്ടിൽ ഓമനയും. പുലർച്ചെ നാലിന് ഇരുവരും ഫാക്ട് ജംഗ്ഷനിലെത്തും. ആദ്യ കാലങ്ങളിൽ സൈക്കിളിൽ ആയിരുന്നു. പിന്നീട് സ്കൂട്ടറായി.

സലോമി: കുടിയിറക്കപ്പെട്ട ജീവിതം

ഫാക്ടിന്റെ വികസനത്തിന് വേണ്ടി കുടിയൊഴിക്കപ്പെട്ട കുടുംബമാണ്. ഫാക്ട് ഫെഡോ ഇരിക്കുന്ന സ്ഥലം. പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന എസ്.സി.എസ്. മേനോൻ പറഞ്ഞു. 'നീ ടൈപ്പ് റൈറ്റിംഗ് പഠിക്കൂ ലോവർ പാസ്സായാൽ സ്ഥലം എടുത്തതിന്റെ പേരിൽ ജോലി ശരിയാക്കാം'. ലോവർ പാസ്സായപ്പോൾ ഹയർ പാസ്സാകണമെന്നായി, ഹയർ പാസ്സായപ്പോൾ ഷോർട്ട് ഹാൻഡ് വേണമെന്നായി മാനേജ്മെന്റ്. ഇംഗ്ലീഷ് , മലയാളം ലോവറും ഹയറും പാസായി. ഇന്റർവ്യൂ നടന്നു, പക്ഷേ, ജോലി കിട്ടിയില്ല. ഒമ്പത് വർഷത്തോളം വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ടൈപ്പ് റൈറ്റിംഗും ഷോർട്ട് ഹാൻഡും പഠിപ്പിച്ചു കാലം കഴിച്ചു.

എച്ച്. ഐ.എൽ കമ്പനിക്കു വേണ്ടി രണ്ടാമത്തെ സ്ഥലവും ഏറ്റെടുത്തതോടെ വീണ്ടും കുടിയിറക്കം. ഒപ്പം ജോലി വാഗ്ദാനവും. ടെസ്റ്റും അഭിമുഖവും കഴിഞ്ഞ് റാങ്ക്ലിസ്റ്റിൽ പേരും വന്നു. വിവാഹിതയായി എന്ന സാങ്കേതിക കാരണം പറഞ്ഞ് അതും നഷ്ടപ്പെട്ടു. ഒടുവിൽ കുടുംബം പോറ്റാൻ ഭർത്താവിനൊപ്പം പത്രവിതരണം തുടങ്ങി.

അസുഖ ബാധിതനായതോടെ ഭർത്താവ് സെന്റ്സെലാവോസ് വിശ്രമ ജീവിതം നയിക്കുന്നു. മകൾ അന്ന വിവാഹിതയായി താമസവും മാറി.

ഓമനയ്ക്ക് പല ജോലികളിൽ ഒന്ന്

സപ്തതിയിലേക്കെത്തുന്ന ഓമന ഏലൂർ ഡിപ്പോകടവിന് സമീപത്തു നിന്ന് മൂന്നു കി.മീ. ഇരുചക്ര വാഹനത്തിൽ എത്തി പത്രക്കെട്ട് എടുത്താൽ ഏലൂരിന്റെ വിവിധ സ്ഥലങ്ങളിലേക്ക് പാച്ചിലായി. പത്രവിതരണവും വീട്ടുജോലിയും കഴിഞ്ഞ് വീണ്ടും ഫാക്ട് ജംഗ്ഷനിലെത്തിയാൽ ഭർത്താവ് തോമസും ചേർന്ന് പത്രമാസികകൾ, വാരികകൾ എന്നിവയ്ക്കൊപ്പം രാത്രി 8 വരെ ഭാഗ്യക്കുറിയും വിൽക്കും. മക്കൾ: റെയ്ച്ചൽ, റെനി .

പത്രത്തിന്റെ പണം കിട്ടാൻ പലതവണ കയറി ഇറങ്ങണം. മാസങ്ങൾ കുടിശിക വരുത്തിയാൽ പിന്നെ കിട്ടില്ല. നഷ്ടം സഹിക്കണം. വരിക്കാരുടെ എണ്ണം കുറയുന്നു.

സലോമി, ഓമന