മസാജ് സൗജന്യം, ഭക്ഷണം അൺലിമിറ്റഡ്! ഇവിടെ വന്നാൽ എന്തും ആസ്വദിച്ച് മടങ്ങാം
മുംബയ്: വിമാനത്താവളങ്ങളിലെ തിരക്കിൽ നിന്നും ബഹളത്തിൽ നിന്നും മോചനം ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ആശ്വാസമാണ് എയർപോർട്ട് ലോഞ്ചുകൾ. മങ്ങിയ തീക്ഷണത കുറഞ്ഞ വെളിച്ചം, ആഢംബരം തോന്നിപ്പിക്കുന്ന ഇരിപ്പിടങ്ങൾ, വിഭവസമൃദ്ധമായ ഭക്ഷണം എന്നിവയോടെ ഇത്തരം ലോഞ്ചുകൾ സാധാരണ വെയിറ്റിംഗ് ഏരിയകളെക്കാൾ ആഡംബര ഹോട്ടലിന്റെ പ്രതീതിയാണ് നൽകുന്നത്. ഇപ്പോഴിതാ മുംബയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അദാനി ബിസിനസ് ലോഞ്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ലോഞ്ചിന്റെ വിശേഷങ്ങൾ ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പലരും ഇതിനെ ഇന്ത്യയിലെ ഏറ്റവും മികച്ച എയർപോർട്ട് ലോഞ്ചെന്ന് വിശേഷിപ്പിച്ചത്. വിഭവസമൃദ്ധമായ ഭക്ഷണം, മികച്ച സൗകര്യങ്ങൾ, അതിലുപരി സൗജന്യ മസാജ് എന്നിവയൊക്കെയാണ് ഇവിടെയുള്ളത്.
'മുംബയ് ബിസിനസ് ക്ലാസ് ലോഞ്ചിൽ മൂന്ന് മണിക്കൂർ' എന്നെഴുതിയ ഓൺ-സ്ക്രീൻ തലക്കെട്ടോടു കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്. ലോഞ്ചിലേക്ക് കടന്നുവരുന്ന യാത്രക്കാരൻ ഈ സ്ഥലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച എയർപോർട്ട് ലോഞ്ചുകളിലൊന്നാണെന്ന് വിശേഷിപ്പിക്കുന്നുണ്ട്. ലോഞ്ചിലേക്കുള്ള പ്രവേശനത്തിനായി ലിഫ്റ്റിൽ കയറുമ്പോൾ തന്നെ യുവാവിന് തോന്നിയത് റിസോർട്ടിലേക്ക് പ്രവേശിക്കുന്ന പ്രതീതിയെന്നാണ്.
താമസിയാതെ മഴ നനഞ്ഞ റൺവേയുടെ കാഴ്ചകൾ കാണാവുന്ന വലിയ ജനലുകളോടു കൂടിയ ഗംഭീരമായ പ്രവേശന കവാടത്തിൽ യുവാവ് എത്തിച്ചേരുന്നു. തനിക്ക് ഇരിക്കാൻ സൗകര്യത്തിന് കോർണർ സീറ്റ് തിരഞ്ഞെടുത്ത് ബാഗ് വച്ച ശേഷം അദ്ദേഹം കാഴ്ചകൾ ആസ്വദിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
പ്രാതലിന് സമയമായപ്പോൾ നൂറുകണക്കിന് ഓപ്ഷനുകളുള്ള വമ്പൻ ബൊഫെയാണ് അദ്ദേഹത്തെ വരവേറ്റത്. ലൈവ് കുക്കിംഗ് സ്റ്റേഷനിൽ നിന്ന് ആവശ്യപ്പെട്ടത് പ്രകാരം ഉണ്ടാക്കിയ ഓർഡർ ചെയ്ത ഓംലെറ്റും ഫ്രഷ് കോഫിയും അദ്ദേഹം ആസ്വദിച്ചു കഴിച്ചു. ഭക്ഷണം സ്വാദുള്ളതെന്ന് വിശേഷിപ്പിച്ച ശേഷം ലോഞ്ചിലെ ജീവനക്കാർ സർപ്രൈസായി നൽകിയ മധുരപലഹാരങ്ങളും യുവാവ് ആസ്വദിച്ചു കഴിക്കുന്നുണ്ട്.
അടുത്തതായി യുവാവ് പോയത് ലോഞ്ചിലെ സ്പാ സെക്ഷനിലേക്കാണ്. ഇവിടെ ലഭിക്കുന്ന സൗജന്യ ഫുട്ട് മസാജ് വേറിട്ട അനുഭവമായിരുന്നുവെന്ന് യുവാവ് പറയുന്നു. ചൂടുള്ള ടവലും സുഗന്ധമുള്ള എണ്ണകളും ഉപയോഗിച്ചുള്ള സ്പാ അമ്പരപ്പിച്ചുവെന്നാണ് യുവാവ് വീഡിയോയിൽ അഭിപ്രായപ്പെട്ടത്.
തുടർന്ന് സ്പാ ഷവർ സ്യൂട്ടും സന്ദർശിച്ചു. ആഢംബരപൂർണ്ണമായ വൃത്തിയുള്ള സൗകര്യങ്ങൾ കണ്ട് ഒരു വിമാനത്താവളത്തിലാണെന്ന കാര്യം മറന്നുപോകുമെന്നും യുവാവ് പറയുന്നു. ബോർഡിംഗിന് പോകുന്നതിനു മുൻപ് ഒരു കോഫിയും വെള്ളവും കൂടി വാങ്ങി എന്തൊരു മനോഹരമായ അനുഭവമെന്ന് പറഞ്ഞു കൊണ്ടാണ് യുവാവ് വീഡിയോ അവസാനിപ്പിക്കുന്നത്.