ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന

Saturday 18 October 2025 4:24 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. തിരുവനന്തപുരം കാരേറ്റുള്ള കുടുംബ വീട്ടിലാണ് പരിശോധന. ഉണ്ണികൃഷ്ണൻ പോറ്റിയെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് വീട്ടിൽ അന്വേഷണ സംഘം എത്തിയത്.

അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നലെയാണ് കോടതി പതിനാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രഹസ്യമായിട്ടായിരുന്നു കോടതി നടപടികൾ. അഭിഭാഷകരെ ഉൾപ്പെടെ പുറത്തിറക്കിയിരുന്നു. മാത്രമല്ല നടപടികൾ മുഴുവൻ വീഡിയോയിലാക്കുകയും ചെയ്തു. നടപടികൾക്കുശേഷം പുറത്തേക്കിറക്കുമ്പോൾ പോറ്റിക്കുനേരെ ചെരിപ്പേറും ഉണ്ടായി.

''എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരും" എന്നാണ് മാദ്ധ്യമങ്ങളോട് പോറ്റി പ്രതികരിച്ചത്.ദേവസ്വത്തിലെ ഉന്നതരുടെ അറിവോടെയും സമ്മതത്തോടെയും കൂടിയാണ് സ്വർണം കവർന്നെന്നാണ് മൊഴി. ഇതിനുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്. സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറാൻ വ്യാജരേഖ ചമച്ചതടക്കം ഗുരുതര കുറ്റങ്ങളുടെ തെളിവുകളാണിത്.

ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണം പൂശലിനു ശേഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം കൈപ്പറ്റിയ പോറ്റിയുടെ കൂട്ടാളി കൽപ്പേഷിന് ഹാജരാവാൻ നോട്ടീസ് നൽകിയതായാണ് സൂചന.