'പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിച്ചു'; വയോധികയുടെ മാല മോഷ്ടിച്ച കൗൺസിലറിനെ സിപിഎം പുറത്താക്കി
കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ സ്വർണമാല മോഷ്ടിച്ച പാലാപ്പറമ്പ് വാർഡ് കൗൺസിലർ പി പി രാജേഷിനെ സിപിഎം പുറത്താക്കി. സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നാലാം വാർഡ് കൗൺസിലറുമായിരുന്നു രാജേഷ്. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജേഷ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇയാൾ കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി ജാനകിയുടെ ഒന്നേകാൽ പവനുളള മാല കവർന്നത്.
വീടിനരികെ നിന്ന് മീൻ മുറിക്കുന്നതിനിടയിലാണ് സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ജാനകിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം ജാനകിയുടെ കൈയിലായി. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി സ്ഥലംവിട്ടിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്. നമ്പർ പ്ലേറ്റ് മറച്ച് സ്കൂട്ടറിൽ പോകുന്ന കറുത്ത ഷർട്ടും പാന്റും ധരിച്ചയാളുടെ ചിത്രമാണ് പൊലീസിന് ലഭിച്ചത്. കൂടുതൽ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് രാജേഷാണെന്ന് മനസിലായത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് വിവരം. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. മോഷ്ടിച്ച ഒരു പവൻ മാല ഇയാളിൽ നിന്നും കണ്ടെടുത്തു.