ആശങ്കയൊഴിഞ്ഞ് മുനമ്പം മത്സ്യമേഖല
വൈപ്പിൻ: രണ്ട് മൂന്ന് വർഷങ്ങളായി നഷ്ടക്കണക്കിന്റെ കഥകൾമാത്രം പറയാനുണ്ടായിരുന്ന മുനമ്പം മത്സ്യമേഖല കഴിഞ്ഞ രണ്ട് മാസമായി ആശ്വാസത്തിൽ. ഇക്കഴിഞ്ഞ ട്രോളിംഗ് നിരോധനം അവസാനിച്ചതിന് ശേഷം മത്സ്യബന്ധനത്തിനിറങ്ങിയ ബോട്ടുകൾക്ക് ആദ്യത്തെ ഒരാഴ്ചയിൽ കാര്യമായ മത്സ്യങ്ങളൊന്നും ലഭിച്ചില്ല. മുൻ വർഷങ്ങളിലെ ദുരിതം ഇത്തവണയും ആവർത്തിക്കുമോ എന്ന ആശങ്കയിലായിരുന്നു മത്സ്യമേഖല. എന്നാൽ പിന്നീടങ്ങോട്ട് ബോട്ടുകൾക്ക് ധാരാളം മീൻ കിട്ടിത്തുടങ്ങി. പതിവ് മത്സ്യങ്ങൾക്ക് പുറമേ വലിപ്പമേറിയ കൂന്തലും ഇത്തവണ ലഭിച്ചു. വിദേശങ്ങളിലേക്ക് കയറ്റിപ്പോകുന്ന ഇവയ്ക്ക് നല്ല വിലയും കിട്ടി. കേരളത്തിൽ നിന്ന് ധാരാളം മീനും ചെമ്മീനും ഇറക്കുമതി ചെയ്യുന്ന അമേരിക്കയിൽ ഇത്തവണ ഏർപ്പെടുത്തിയ ഇരട്ടി ചുങ്കം മത്സ്യമേഖലയെ ബാധിക്കുമെന്ന ആശങ്ക തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇതുവരെ മീൻ, ചെമ്മീൻ കയറ്റുമതിക്ക് അത്തരം പ്രതിസന്ധികളൊന്നും ഉണ്ടായില്ല. മുനമ്പം മാതൃക ഹാർബർ, മുനമ്പം മിനി ഹാർബർ എന്നിവയാണ് പ്രധാന മത്സ്യവിപണന മേഖലകൾ. ചരക്ക് വർദ്ധനയും മാന്യമായ വില ലഭിച്ചതും രണ്ട് ഹാർബറുകളെയും സജീവമാക്കി. ബോട്ട് തൊഴിലാളികൾ,ബോട്ടുടമകൾ, തരകന്മാർ, മത്സ്യം കയറ്റിറക്ക് തൊഴിലാളികൾ, അനുബന്ധ ജീവനക്കാർ തുടങ്ങി ബന്ധപ്പെട്ടവരെല്ലാം സന്തോഷത്തിലാണ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി വിലയേറിയ കൂന്തലുകളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്നും പകരം വില കുറഞ്ഞ അയലയാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും മുനമ്പം മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന കെ.എസ്. ആണ്ടവൻ പറഞ്ഞു.