'പ്ലാസ്റ്റിക് തിന്ന് പുള്ളിപ്പുലി'; കാരണം മനുഷ്യരെന്ന് സെെബർ ലോകം, വീഡിയോ പങ്കുവച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ

Saturday 18 October 2025 6:53 PM IST

ജയ്‌പൂർ: മനുഷ്യർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തിന്നുന്ന ഒരു പുള്ളിപ്പുലിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലെ മൗണ്ട് അബുവിന് സമീപമാണ് സംഭവം നടന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയിൽ ഒരു മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ നിന്ന് പുള്ളിപ്പുലി മാലിന്യം തിന്നുന്നത് കാണാം. ചുറ്റും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യവും കാണാം. വെറും 17 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദെെർഘ്യം. വീഡിയോ വെെറലായതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി രംഗത്തെത്തിയത്. വളരെ ദുഃഖകരമായ കാഴ്ചയാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

മനുഷ്യർ വന്യജീവി ആവാസവ്യവസ്ഥയെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 'നമ്മുടെ മാലിന്യം കാട്ടിലേക്ക് എങ്ങനെ എത്തുന്നുവെന്ന് നോക്കൂ' എന്നും വീഡിയോയിൽ കാസ്വാൻ എഴുതിയിട്ടുണ്ട്. ഇതിനകം അരലക്ഷത്തിലേറെ പേര് വീഡിയോ കണ്ടു.