തട്ടിക്കൊണ്ടു പോകൽ കേസ്: ഗുണ്ടാത്തലവന് കാപ്പ ചുമത്തി

Saturday 18 October 2025 8:00 PM IST

കൊച്ചി: കോടതി വളപ്പിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി പല്ലുകൾ തല്ലിപ്പൊട്ടിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു. പത്തോളം ക്രിമിനൽ കേസുകളിലെ പ്രതി പാലാരിവട്ടം മാമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കടകമ്പള്ളി കണ്ണംതറ സ്വദേശി തിയോഫിനെയാണ് ( അനിൽ) ഗുണ്ടാ വിരുദ്ധ നിയമം ചുമത്തി വിയ്യൂർ അതീവസുരക്ഷാ ജയിലിൽ അടച്ചത്.

ജൂലായ് 7ന് പകൽ പനമ്പിള്ളി നഗറിലെ കോടതിയിൽ ഹാജരാകാൻ എത്തിയ പനങ്ങാട് സ്വദേശി മഹേഷിനെയാണ് തിയോഫിനും കൂട്ടാളി എരമല്ലൂർ സ്വദേശി അജേഷും ചേർന്ന് തട്ടിക്കൊണ്ട് പോയത്. കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ ഹൈക്കോടതി ജംഗ്ഷനിലെത്തിച്ച ഓട്ടോയിൽ കയറ്റി തിയോഫിന്റെ വാടവീട്ടിൽ കൊണ്ട്പോയി കസേരയിൽ കെട്ടിയിട്ടു. തുടർന്ന് ക്രൂരമായി മർദ്ദനത്തിന് വിധേയനാക്കി. തിയോഫിനാണ് യുവാവിന്റെ രണ്ട് പല്ലുകൾ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് അടിച്ചൊടിച്ചത്.

ഒരു കേസിൽ അകപ്പെട്ട് അറസ്റ്റിലായ മഹേഷിനെ ജാമ്യത്തിലിറക്കാൻ പണം നൽകി സഹായിച്ചത് അജേഷായിരുന്നു. ജാമ്യത്തിലിറങ്ങിയ മഹേഷ് പണം തിരികെ നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ട് പോയി ആക്രമിച്ചത്.

കേസിൽ വധശ്രമത്തിന് തിയോഫിനെയും അജേഷിനെയും സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം കേന്ദ്രീകരിച്ചാണ് തിയോഫിൻ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിവന്നത്. ഭീഷണിപ്പെടുത്തി പണാപഹരണം, നരഹത്യാശ്രമം, അടിപിടി തുടങ്ങി കേസുകളിൽ പ്രതിയാണ്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് കാപ്പ പ്രകാരം റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. കളക്ടറുടെ അനുമതിയെ തുടർന്ന് ഇന്നലെ എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചത്.