'പൊട്ടിച്ചത് താലിമാല, പെട്ടെന്ന് വന്ന് കഴുത്തിൽ പിടിച്ചു'; കൗൺസിലറുടെ മാല മോഷണം, കൂടുതൽ വിവരങ്ങൾ പുറത്ത്
കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂത്തുപറമ്പ് കണിയാർകുന്ന് വീട്ടിൽ 77കാരിയായ ജാനകിയമ്മയുടെ മാലയാണ് മോഷ്ടിച്ചത്. സംഭവത്തിൽ പാലാപ്പറമ്പ് വാർഡ് കൗൺസിലർ പി പി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പിടികൂടിയതിൽ ആശ്വാസമുണ്ടെന്ന് ജാനകിയമ്മ പ്രതികരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജേഷ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇയാൾ ഒന്നേകാൽ പവനുളള മാല കവർന്നത്. സംഭവത്തിൽ രാജേഷിനെ പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കി.
'രാജേഷിനെ പരിചയമില്ല. ഇതുവഴി കുട്ടികളെ സ്‌കൂളിൽ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. ഞാൻ മീൻ മുറിക്കുവായിരുന്നു. പെട്ടെന്നാണ് കയറി വന്നത്. ഇതെന്താ ഹെൽമറ്റ് ഇട്ട് കയറിവന്നതെന്ന് ചോദിച്ചപ്പോഴേയ്ക്കും എന്റെ കഴുത്തിൽ പിടിച്ചു. പിന്നെ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. എന്റെ കഴുത്തിലുള്ളത് കൊണ്ടുപോയി എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ് ഞാനും പിന്നാലെ ഓടി. എന്റെ കരച്ചിൽ ആരും കേട്ടില്ല. പിന്നെയാണ് ആളുകളെല്ലാം ഓടിക്കൂടിയത്. താലിമാലയായിരുന്നു കൊണ്ടുപോയത്. കിട്ടിയെന്ന് അറിഞ്ഞപ്പോൾ സമാധാനമായി'- ജാനകിയമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അറിയാവുന്ന ആളാണെന്നും ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ജാനകിയമ്മയുടെ മകൾ പറഞ്ഞു.
സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്. നമ്പർ പ്ലേറ്റ് മറച്ച് സ്കൂട്ടറിൽ പോകുന്ന കറുത്ത ഷർട്ടും പാന്റും ധരിച്ചയാളുടെ ചിത്രമാണ് പൊലീസിന് ലഭിച്ചത്. കൂടുതൽ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് രാജേഷാണെന്ന് മനസിലായത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് വിവരം.