ഉദ്യോഗസ്ഥർക്കുമുണ്ട് പറയാൻ, വരണം നല്ല മാറ്റങ്ങൾ ; ' സർക്കാർ തീരുമാനിക്കും, ഉദ്യോഗസ്ഥർ അനുസരിക്കണം'

Sunday 19 October 2025 2:10 AM IST

മേലുദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സ്വന്തം അഭിപ്രായം നിശിതമായി തുറന്നടിച്ച തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് ഒരുകാലത്ത് യുവതയുടെ ആരാധനാപാത്രമായിരുന്നു. 'ദി കിംഗ്' എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം തിയേറ്ററുകളിൽ കൈയടി നേടിയപ്പോഴും യാഥാർത്ഥ്യം കാതങ്ങൾ അകലെയാണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. അഭിപ്രായ ഭിന്നതകൾ പലരും ഉള്ളിലൊതുക്കി. വർഷങ്ങൾക്കിപ്പുറം സർക്കാർ സംവിധാനങ്ങളിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ച് ഒരുകൂട്ടം ബ്യൂറോക്രാറ്റുകൾ തുറന്നെഴുതി. 'ബിയോണ്ട് സിനിസിസം, കേരള 2.0 ഇൻസൈറ്റ്സ് ഫ്രം ഇൻസൈഡേഴ്സ് "എന്ന പുസ്തകം സർവീസിലിരിക്കുന്നവരും വിരമിച്ചവരുമെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്. പുസ്തകത്തെക്കുറിച്ചും നിലവിലെ സംവിധാനത്തിലെ പാകപ്പിഴകളെക്കുറിച്ചും പുസ്തകത്തിന്റെ എഡിറ്റർമാരിലൊരാളായ മുൻ അഡി. ചീഫ് സെക്രട്ടറിയും ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രം ചെയർമാനുമായ ടി. ബാലകൃഷ്ണൻ കേരള കൗമുദിയോട് സംസാരിക്കുന്നു...

? 'ഇൻസൈഡേഴ്സിൽ" നിന്ന് 'ഇൻസൈറ്റ്സ്' ശേഖരിച്ചതെങ്ങനെ

 മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. വിരമിച്ച ഓൾ ഇന്ത്യാ സർവീസ് ഉദ്യോഗസ്ഥരായിരുന്നു അംഗങ്ങൾ. സർക്കാരുകളുടെ ജയപരാജയങ്ങൾ, പ്രവർത്തനം മെച്ചപ്പെടുത്താൻ കൊണ്ടുവരേണ്ട മാറ്റങ്ങൾ എന്നിവയൊക്കെ ചർച്ച ചെയ്യുമായിരുന്നു. ഇത് പൊതുസമൂഹത്തിലെത്തിക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. സർക്കാരിനെ കുറ്റപ്പെടുത്തുന്നതല്ല, പോരായ്മകൾ തിരുത്തുന്നതായിരുന്നു ലക്ഷ്യം. ഞാനും പുസ്തകത്തിന്റെ മറ്റൊരു എഡിറ്ററുമായ മുൻ അഡി. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും വ്യവസായവകുപ്പിൽ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. 'എല്ലാം ശരിയല്ല" എന്നൊരു ചിന്ത സർവീസിലുള്ളപ്പോൾ തന്നെയുണ്ടായിരുന്നു. പുസ്തകത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിട്ട് ഒരുവർഷത്തിലധികമായി.

? സാമൂഹ്യപുരോഗതിക്കായി പുസ്തകത്തിൽ നിർദ്ദേശിക്കുന്ന മാറ്റങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള തടസം

ഒരു വിഭാഗം മാറ്റം ആഗ്രഹിക്കുമ്പോൾ മറ്റൊരു വിഭാഗം അതിനെ എതിർക്കാനും ചെറുക്കാനും ശ്രമിക്കും. മാറ്റം വരുത്തേണ്ടത് സർക്കാരിനകത്താണ്. അതിന്റെ തലപ്പത്ത് ജനപ്രതിനിധകളും താഴെ ഉദ്യോഗസ്ഥരുമാണ്. നിലവിലെ സംവിധാനം ഈ രണ്ടു കൂട്ടർക്കും സൗകര്യപ്രദമാണെങ്കിൽ മാറ്റമെന്തിനാണെന്ന് അവർക്ക് തോന്നാം. എന്നാൽ, അകത്തുള്ളവർ മാറ്റം കൊണ്ടുവന്നില്ലെങ്കിൽ വെളിയിലുള്ളവർ അത് നടപ്പാക്കും. അതത്ര സുഖകരമായിരിക്കില്ല. നേപ്പാളിലെ ജെൻസി പ്രതിഷേധമൊക്കെ കണ്ടതാണല്ലോ. കേരളത്തിൽ അത്ര പെട്ടെന്നൊന്നും അങ്ങനെയൊരു കലാപമുണ്ടാകില്ല. എന്നാൽ,അതിനുവേണ്ടി കാത്തിരിക്കുന്നതിലും അർത്ഥമില്ല.

? കേരള മോഡൽ ഒഫ് ഡെവലപ്മെന്റിനെ ആഘോഷിക്കുമ്പോൾ ചെറിയ നേട്ടങ്ങൾ

ഉയർത്തിപ്പിടിക്കുകയും

വലിയ ലക്ഷ്യം എത്താതെ പോകുകയുമാണോ

ഞാൻ കേരള മോഡൽ ഒഫ് ഡെവലപ്മെന്റിന്റെ ആരാധകനല്ല. കേരളത്തിൽ ഈ മാറ്റങ്ങളെല്ലാം വന്നത് ഗൾഫിലേയ്ക്കുള്ള കുടിയേറ്റത്താലും അത് കൊണ്ടുവന്ന പണത്തിലൂടെയുമാണ്. ഒരു വ്യക്തിയുടെയോ സർക്കാരിന്റെയോ കഴിവല്ലത്. അതിനെ പുതിയൊരു മോഡലായി ഉയർത്തിക്കാട്ടുന്നതിലൂടെ നമ്മൾ സ്വയം പറ്റിക്കുകയാണ്. ഉള്ളിലേയ്ക്ക് പോകുന്തോറും കുറേയധികം പൊള്ളയാണെന്ന് മനസിലാകും. സമ്പൂർണസാക്ഷരത നേടിയെങ്കിലും സാക്ഷരതയിൽ കേരളത്തിന്റെ സ്ഥാനം താഴേക്ക് വന്നു. വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ സർക്കാർ 40ശതമാനം ചെയ്തിട്ടുണ്ടെങ്കിൽ 60ശതമാനം സ്വകാര്യരംഗത്ത് നിന്നാണുണ്ടായത്. സ്വകാര്യആശുപത്രികളിൽ പോകാൻ ജനങ്ങൾക്ക് സാമ്പത്തികമുണ്ട്. സർക്കാർ‌ സ്കൂളുകളിൽ പഠിക്കുന്നവരും സ്വകാര്യ-ട്യൂഷനുകളെ ആശ്രയിക്കുന്നു. വിദ്യാഭ്യാസരംഗത്ത് മിഷിനറിമാർ തുടങ്ങിവച്ച പാത മഹാരാജക്കന്മാർ പിന്തുടർന്നു. 1957ൽ രാജ്യത്ത് ആരോഗ്യ,വിദ്യാഭ്യാസരംഗത്ത് ഏറ്റവും മുന്നിൽ നിന്നത് കേരളമായിരുന്നു.അപ്പോൾ എന്താണ് പുതിയ മോഡൽ?നമ്മുടേതല്ലാത്ത ഒന്നും ശാശ്വതമാകില്ല.

?സ്വകാര്യപങ്കാളിത്തം വേണ്ടവിധത്തിൽ നടക്കുന്നുണ്ടോ

പൊതുസ്വകാര്യ പങ്കാളിത്തത്തിൽ(പി.പി.പി) ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. 1991-ൽ സാമ്പത്തിക ഉദാരവത്കരണം കൊണ്ടുവന്നപ്പോൾ കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങൾക്കും വിയോജിപ്പുണ്ടായിരുന്നു. എന്നാൽ, മറ്റ് സംസ്ഥാനങ്ങൾ കാലാനുസൃതമായി മാറി. പി.പി.പി മോഡൽ കേരളത്തിന് അനുയോജ്യമല്ലെന്ന് ഒരിക്കൽ ആസൂത്രണബോർഡ് തന്നെ പറയുകയുണ്ടായി. ഇപ്പോഴും വിഴിഞ്ഞം മാത്രമാണ് എടുത്തുപറയത്തക്ക പി.പി.പി മോ‌ഡൽ. സ്വകാര്യപങ്കാളിത്തം ഏറ്റവുമധികം ഉണ്ടാകേണ്ട വാണിജ്യ-വ്യവസായ-കാർഷികമേഖലയിൽ നമ്മുടെ നയങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകുന്നില്ല.

? ഇടതുഭരണം കേരളവികസനത്തിൽ എങ്ങനെയൊക്കെ ബാധിച്ചു

ഇടതുഭരണം കേരളത്തിന്റെ വികസനത്തെ സഹായിച്ചിട്ടുണ്ട്. വ്യവസായവകുപ്പിന്റെ പ്രവർത്തനങ്ങളിൽ നിന്നുമത് വ്യക്തമാണ്. എന്നാൽ,സർക്കാർമേഖല നല്ലതാണെന്നും സ്വകാര്യമേഖല മോശമാണെന്നുമൊരു പൊതുധാരണയുണ്ട്. അതിന് എൽ.ഡി.എഫ്,യുഡിഎഫ് വ്യത്യാസമില്ല. സർക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. 'എന്റെ വീട് എന്റേതാണ്. അതുകഴിഞ്ഞുള്ളതെല്ലാം സർക്കാരിന്റേതാകണമെന്നാണ്' എല്ലാവർക്കും ആഗ്രഹം. ഈ ചിന്താഗതിയാണ് മാറേണ്ടത്.

?സർക്കാർ ജോലിക്ക് അമിതമായ പ്രാധാന്യം

നൽകുന്നതും ഈ ചിന്തകൊണ്ടാണോ

തീർച്ചയായും. സർക്കാരിൽ ആജീവനാന്ത പെൻഷനോടെ വിരമിക്കാൻ സ്വകാര്യമേഖലയിൽ ചെയ്യുന്നതിന്റെ മൂന്നിലൊന്ന് ജോലി ചെയ്താൽ മതിയാകും. എല്ലാവരും ഇതാഗ്രഹിക്കുമ്പോൾ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ഉത്പാദനക്ഷമത കുറയുന്നു. സർക്കാർ വളരുന്നതിനനുസരിച്ച് സമ്പദ്‌വ്യവസ്ഥ തകരുന്നു. ഒരുകാലത്ത് ചൈനയ്ക്കും സോവിയറ്റ് യൂണിയനുമൊക്കെ സംഭവിച്ചതും ഇതുതന്നെയാണ്.

?തമിഴ്നാടിൽ ബ്യൂറോക്രാറ്റുകൾക്കും ജനങ്ങൾക്കും

സംസ്ഥാനത്തോടുള്ള മമത പ്രകടമാണ്. കേരളത്തിലത് കുറവല്ലേ

പത്തുവർഷം തമിഴ്നാട്ടിൽ ജോലി ചെയ്തിട്ടുണ്ട്. അവർക്ക് ഭാഷയോടും സംസ്കാരത്തോടും വലിയ സ്നേഹമുണ്ട്. മലയാളികൾ കേരളത്തെ കുറ്റം പറയുന്നത് അവർ അമിതമായി സ്നേഹിക്കുന്നതിനാൽ കൂടിയാണ്. നമ്മൾ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ വിമർശകർ. തമിഴ്നാട്ടിലെ രാഷ്ട്രീയവും സാമ്പത്തികനയങ്ങളും വ്യത്യസ്തമാണ്. മറ്റൊരു പാർട്ടി വരുമ്പോൾ നിലവിലുള്ള പാർട്ടി കൊണ്ടുവന്ന പദ്ധതിയുടെ പേര് മാറ്റുമായിരിക്കും.എന്നാൽ,പദ്ധതി മൊത്തമായി നശിപ്പിക്കില്ല. 'നാടും സമൂഹവും നമ്മളും' നന്നാവണമെന്നാണ് അവരുടെ ചിന്താഗതി. അവർ പറയുന്നത് 'ഇവിടെ വ്യവസായം വരണമെന്നാണ്'. 'ഇവിടെ വ്യവസായം വരുന്നതിന് എതിരല്ലെന്നാണ്' നമ്മൾ പറയുന്നത്. അതാണ് വ്യത്യാസം.

?കേരളത്തിൽ പ്രധാന പദവികളിലിരിക്കുന്നത് അന്യസംസ്ഥാനക്കാരാണ്. ജോലിയോടുള്ള പ്രതിബദ്ധതയെ ഇത് ബാധിക്കുമോ

മറ്റ് സംസ്ഥാനങ്ങളിൽ നയരൂപീകരണത്തിന് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇവിടെ സർക്കാർ തീരുമാനിക്കും .ഉദ്യോഗസ്ഥർ അനുസരിക്കണം. ഏൽപ്പിച്ച ജോലി ചെയ്യുന്നതിനപ്പുറം അതിലെ പാകപ്പിഴകൾ ചൂണ്ടിക്കാണിക്കുന്നവർ കുറവാണ്. ചിലർ എതിർക്കാതെ ഡെപ്യൂട്ടേഷൻ വാങ്ങി മറ്റിടങ്ങളിലേയ്ക്ക് പോകും. അതിനാൽ,ജോലി ചെയ്യാൻ അത്ര ആകർഷകമായൊരു സംസ്ഥാനമല്ലയിത്. കേരളീയരെക്കാൾ കേരളത്തിൽ നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും കണ്ടിട്ടുണ്ട്. ബ്യൂറോക്രസിയൊരു വിപ്ലവമല്ല. സ്ഥിരതയാണതിന്റെ മുഖ‌മുദ്ര.

?ബ്യൂറോക്രാറ്റിക്ക് നെക്സസ് കേരളത്തിലുണ്ടോ

നമ്മുടെ ഉപദേശങ്ങൾ വിലമതിക്കുന്ന നേതാക്കളുണ്ട്. എന്നാൽ,ഉദ്യോഗസ്ഥർ പറയുന്നത് അപ്പാടെ സ്വീകരിക്കില്ല. നേതാക്കൾക്ക് പാർട്ടി നിർദ്ദേശങ്ങളും ചെവികൊള്ളണം. ഉദ്യോഗസ്ഥരെ ശ്രദ്ധയോടെ കേൾക്കുന്ന മുഖ്യമന്ത്രിയായിരുന്നു ഇ.കെ. നായനാർ. എന്നാൽ,കേട്ടശേഷം പാർട്ടി സെക്രട്ടറിയെ വിളിച്ച് അഭിപ്രായം ചോദിക്കും. ഇതേ സ്വഭാവമായിരുന്നു കരുണാകരൻ സാറിനും. രണ്ട് അഭിപ്രായങ്ങളും തുലനം ചെയ്ത് മികച്ച തീരുമാനം കൈക്കൊള്ളും. ജനാധിപത്യത്തിൽ അന്തിമതീരുമാനം രാഷ്ട്രീയനേതൃത്വത്തിന്റേതാണ്. സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങളിൽ വ്യത്യാസമുണ്ടായാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഇതെങ്ങനെ ബാധിക്കുമെന്നത് കണക്കിലെടുത്താകും തീരുമാനം. രാഷ്ട്രീയത്തിൽ നിന്ന് സാമ്പത്തികത്തിലേയ്ക്ക് ചർച്ചകൾ മാറിയാൽ നാട് വികസിക്കും.

?സർക്കാരുകൾ മാറിവരുന്നത് പദ്ധതികൾ വൈകിപ്പിക്കില്ലേ

സർക്കാരുകൾ മാറി വരുന്നത് നല്ലതാണ്. അതേസമയം,രാഷ്ട്രീയപാർട്ടികളുടെ എണ്ണവും മുന്നണിഭരണവും കേരളത്തിൽ ദോഷമാണ്. കേരളത്തിൽ എട്ടോ പത്തോ സർക്കാരുകളാണ് ഒരേസമയം ഭരിക്കുന്നതെന്ന് തോന്നും. രാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ളതിനാൽ ഓരോ തീരുമാനങ്ങളും അന്തിമമായി രാഷ്ട്രീയ തീരുമാനങ്ങളാകുന്നു. പൊതുതാത്പര്യത്തെക്കാൾ രാഷ്ട്രീയതാത്പര്യത്തെ കണക്കിലെടുക്കുന്നതാണ് പ്രശ്നം.

?ദരിദ്ര്യർ വീണ്ടും ദരിദ്ര്യരാകുന്നു.

പണക്കാർ പണക്കാരും. ഇതിനോട് യോജിക്കുന്നുണ്ടോ

വ്യവസായത്തിൽ വിജയിക്കുന്നവരെല്ലാവരും വലിയ മൂലധനമുള്ളവരല്ല. 50വർഷം മുൻപ് ധനികരായിരുന്ന വ്യവസായികൾ ഇന്ന് നല്ല നിലയിലാവണമെന്നില്ല. അതേസമയം,യൂസഫലിയൊക്കെ കഷ്ടപ്പാടുകളിലൂടെ ഉയർന്നുവന്നവരാണ്. കേരളത്തിന്റെ ജനാധിപത്യമുന്നേറ്റത്തിന് ഉദാഹരണമാണിത്. അതിന് എൽ.ഡിഎഫിനും യുഡിഎഫിനും അഭിമാനിക്കാം.

?സർവീസിനു ശേഷം പദവികൾ നൽകുന്നത്

നവാഗതർക്കുള്ള അവസരം നിഷേധിക്കില്ലേ

ലൈഫ് എക്സപെക്ടൻസി ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. അടുത്തിടെ 79കാരൻ ട്രംപിന്റെ ഹൃദയാരോഗ്യം 65കാരന്റേതാണെന്ന് കണ്ടെത്തി. അതിനാൽ വയസല്ല. മാനസിക-ശാരീരിക ആരോഗ്യമാണ് പ്രധാനം. പ്രായമായവർക്ക് അനുഭവങ്ങളിലൂടെ സമൂഹത്തിന് സംഭാവന ചെയ്യാനാകും.