മഞ്ചയിൽക്കടവ് അക്വാ ടൂറിസം പദ്ധതി ഉദ്ഘാടനം ഇന്ന് ടൂറിസം ഭൂപടത്തിൽ ഇടംനേടാൻ മണിയൂർ

Sunday 19 October 2025 12:48 AM IST
മണിയൂർ മഞ്ചയിൽ കടവിൽ ഒരുക്കിയ കുട്ടികൾക്കുള്ള പാർക്ക്

പയ്യോളി: ടൂറിസം ഭൂപടത്തിൽ ഇടംനേടാനൊരുങ്ങി മണിയൂർ പഞ്ചായത്ത്. പതിയാരക്കര മഞ്ചയിൽക്കടവിലെ ‘മഞ്ചയിൽക്കടവ് അക്വാ ടൂറിസം പദ്ധതി’യും ചെരണ്ടത്തൂർ ചിറ ടൂറിസം പദ്ധതിയുമാണ് മണിയൂരിനെ ടൂറിസം സ്പോർട്ട് ആക്കി മാറ്റാൻ പോകുന്നത്. മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്ന ‘മഞ്ചയിൽക്കടവ് അക്വാ ടൂറിസം പദ്ധതി’ ഇന്ന് വൈകീട്ട് 6.30 ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്തും മണിയൂർ ഗ്രാമപ്പഞ്ചായത്തും തൊഴിൽരഹിതരായ യുവാക്കളെ ഉൾപ്പെടുത്തി രൂപം നൽകിയ പദ്ധതിയാണിത്. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി മണിയൂർ ഗ്രാമപഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയും ചെലവഴിച്ചാണ് മഞ്ചയിൽക്കടവ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.

മഞ്ചയിൽക്കടവ് പദ്ധതിയ്‌ക്കൊപ്പം ചെരണ്ടത്തൂർ ചിറ ടൂറിസം പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇത് യാഥാർത്ഥ്യമാകുമ്പോൾ ജില്ലയിലെ ഒഴിച്ചുകൂടാനാകാത്ത വിനോദസഞ്ചാര കേന്ദ്രമായി മണിയൂർ മാറും. നവോദയ വിദ്യാലയവും എൻജിനീയറിംഗ് കോളേജുമുൾപ്പെടെ സ്ഥിതി ചെയ്യുന്ന മണിയൂരിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകൾ എത്തിച്ചേരുന്നതിനാൽ ടൂറിസത്തിന് ഉൾപ്പടെ അനന്ത സാദ്ധ്യതകളാണുള്ളത്.

അക്വാ ടൂറിസം പദ്ധതിയിൽ ഇവ

പ്രവേശന ഫീസ് 30 രൂപ

കുട്ടികളുടെ പാർക്ക്, ഇളനീർ പാർലർ, വിശ്രമകേന്ദ്രം, 80 പേർക്ക് ഇരിക്കാവുന്ന ഹാൾ, റസ്റ്റോറന്റ്, മീൻ മ്യൂസിയം, പെഡൽ ബോട്ട്, സെൽഫി സ്‌പോട്ടുകൾ തുടങ്ങിയവ ഇവിടെയുണ്ട്. വിവാഹ നിശ്ചയം, സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്, ജന്മദിനാഘോഷം, കൂടിച്ചേരലുകൾ, കുടുംബസംഗമങ്ങൾ തുടങ്ങിയ പരിപാടികൾ നടത്താനുള്ള സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. വടകര പുതുപ്പണം പാലയാട്ട് നടയിൽ നിന്നും തീരദേശ റോഡ് വഴിയും മണിയൂർ പതിയാരക്കര വഴിയും മഞ്ചയിൽക്കടവിലേക്ക് എത്താം.

ചെരണ്ടത്തൂർ ചിറയിൽ ഫാം ടൂറിസം പദ്ധതിയും

ഒരു കോടി രൂപയുടെ പ്രവൃത്തി

മണിയൂർ പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തി ചെരണ്ടത്തൂർ ചിറയിൽ ഫാം ടൂറിസം പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ചെരണ്ടത്തൂർ ചിറയിലെ പ്രധാന നടുത്തോടിലെ വരമ്പുകൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കിയും നടുതോട്ടിലൂടെ യാത്രക്കായി പെഡൽ ബോട്ടുകൾ ഒരുക്കിയും അലങ്കാരവിളക്കുകൾ, സെൽഫി പോയിന്റ്, ഏറുമാടം, വിനോദസഞ്ചാരികൾക്ക് ആവശ്യമായ ഹട്ടുകൾ എന്നിവ സ്ഥാപിച്ചുമാണ് ഫാം ടൂറിസം നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം, എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം, പഞ്ചായത്ത് വിഹിതമായ 25 ലക്ഷം രൂപയുമുൾപ്പെടെ ഒരു കോടി രൂപയുടെ പ്രവൃത്തികളാണ് ഇതിന്റെ ഭാഗമായി ചെരണ്ടത്തൂർ ചിറയിൽ പുരോഗമിക്കുന്നത്.