ചരിത്രമായി 5000 വനിതകൾ നിരന്ന ഹോമമന്ത്ര മഹായജ്ഞം
ആലപ്പുഴ: ശ്രീനാരായണഗുരു രചിച്ച ഹോമന്ത്രം ഉരുവിട്ടുകൊണ്ട് അയ്യായിരം ഹോമകുണ്ഡങ്ങളിൽ വനിതാസംഘം പ്രവർത്തകർ നടത്തിയ ഹോമമന്ത്ര മഹായജ്ഞം ചരിത്രമായി. കണിച്ചുകുളങ്ങര സ്കൂൾ മൈതാനിയിൽ എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തിലാണ് സ്ത്രീകൾ ആചാര്യത്വം വഹിച്ച യജ്ഞം നടത്തിയത്. വിശാലമായ മൈതാനമാകെ നിരത്തിവച്ച ഹോമകുണ്ഡങ്ങൾക്ക് മുന്നിൽ മനസ്സർപ്പിച്ച് ഓരോരുത്തരും മന്ത്രോച്ചാരണം പൂർത്തിയാക്കി. കർണാടക ശ്രീ കുദ്രോളി ഗോകർണ്ണനാഥേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി ഇന്ദിരാഭായിക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഹോമാഗ്നി ജ്വലനത്തിനുള്ള അഗ്നി കൈമാറി. കണിച്ചുകുളങ്ങര ക്ഷേത്രം തന്ത്രി ഡോ.ഷിബു ഗുരുപദം യജ്ഞത്തെക്കുറിച്ച് വിശദീകരിച്ചു. കേരളത്തിന് പുറമേ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഷാർജ ഉൾപ്പെടെയുള്ള വിദേശ യൂണിയനുകളിൽ നിന്നും സ്ത്രീകൾ മഹായജ്ഞത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വൈകിട്ട് നാല് മണിക്ക് നിശ്ചയിച്ചിരുന്ന ചടങ്ങിൽ പങ്കാളികളാകുന്നതിന് രാവിലെ മുതൽ തന്നെ വിവിധ പ്രദേശങ്ങളിൽ നിന്ന് സ്ത്രീകൾ എത്തിയിരുന്നു. മഴ മാറി അന്തരീക്ഷം തെളിഞ്ഞുനിന്നത് ചടങ്ങിന് മാറ്റുകൂട്ടി.