' മൂന്നാം തവണയും കേരളം പിണറായിയും എൽ ഡി എഫും ഭരിക്കും , പിണറായി ഇല്ലാത്ത എൽ ഡി എഫ് വട്ടപൂജ്യം"
തിരുവനന്തപുരം : മൂന്നാംതവണയും എൽ,.ഡി,എഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്നും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും എസ്.എൻ.ഡി,പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്ട്രെയ്റ്റ് ലൈനിലാണ് വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളിൽ എൽ.ഡി.എഫിന് അനൂകൂലമായ ചിന്തയുണ്ട്. അത് ഭരണം കൊണ്ടല്ല. യു.ഡി,എഫ് ദുർബലമായതു കൊണ്ടാണ്. അതിന് പ്രധന കാരണം കേരളത്തിൽ ബി.ജെ.പിക്കുണ്ടായ ശ്ക്തമായ വളർച്ചയാണ്. പ്രത്യേകിച്ച് രാജീവ് ചന്ദ്രശേഖറിന്റെ വരവോടു കൂടി. ഇപ്പോൾ പണ്ടത്തെ സെറ്റപ്പല്ല. കേന്ദ്രവുമായി നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനം ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫിനെന്ന് പോലെ എൽ.ഡി.എഫിൽ നിന്ന് ബി.ജെ.പിയിലേക്ക് വോട്ട് ചോർച്ചയുണ്ടാകും. എന്നാൽ എൽ.ഡി.എഫിൽ അത് അഞ്ച് ശതമാനമാണെങ്കിൽ യു.ഡി.എഫിൽ നിന്ന് പോകുന്നത് 25 ശതമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ വരുമ്പോൾ ഏറ്റവും കൂടുതൽ ശുഷ്കമാകുന്നത് കോൺഗ്രസാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോൺഗ്രസിന്റെ ബേസ് ക്രിസ്ത്യൻ, ഹിന്ദു വോട്ടാണ്. അതിൽ ക്രിസ്ത്യൻ വോട്ടുകൾ കേരള കോൺഗ്രസ് പാർട്ടികളിലേക്കും ഹിന്ദു വോട്ടുകൾ ബി.ജെ.പിയിലേക്കും പോയിക്കഴിഞ്ഞാൽ ചില ഒറ്റപ്പെട്ട ഈഴവ, നായർ, ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ മാത്രമാണ് കോൺഗ്രസിന് ലഭിക്കുക. അത് കൊണ്ട് എങ്ങനെയാണ് അധികാരത്തിലെത്തുകയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ശക്തമായ ത്രികോണ മത്സരമുണ്ടായൽ അതിന്റെ ഗുണം കിട്ടാൻ പോകുന്നത് എൽ.ഡി.എഫിനാണ്. അത് പിണറായി നയിക്കുന്ന എൽ.ഡി.എഫിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി ഇല്ലാത്ത എൽ.ഡി.എഫ് വട്ടപൂജ്യമായിരിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിണറായിയെപ്പോലെ മുഖ്യമന്ത്രിയായിരിക്കാൻ കഴിവുള്ളവാർ വേറെ ആരുണ്ടെന്നും വെള്ളാപ്പള്ളി ചോദിച്ചു.