വന്യജീവി ആക്രമണം; ഒമ്പത് വർഷത്തിനിടെ പൊലിഞ്ഞത് 954 ജീവൻ

Sunday 19 October 2025 12:45 AM IST

കോഴിക്കോട്: ഒമ്പത് വർഷത്തിനിടെ കാടിറങ്ങി വന്യമൃഗങ്ങൾ കവർന്നത് 954 ജീവനുകൾ. 9,​560 പേർക്ക് പരിക്കേറ്റു. കൂടുതലും കാട്ടാന ആക്രമണത്തിൽ. 215 പേർ. 95 പേർ കാട്ടുപന്നി,കാട്ടുപോത്ത്​,കടുവ തുടങ്ങിയവകളുടെ ആക്രമണത്തിലും 644 പേർ പാമ്പുകടിയേറ്റും മരണപ്പെട്ടുവെന്ന് വനം വകുപ്പിന്റെ കണക്കുകൾ പറയുന്നു.

അതേസമയം,​ഈ വർഷം ഇതുവരെ 21 പേർ മരണപ്പെടുകയും 123 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓരോ വർഷവും 1000ത്തിലധികം പേർക്ക്​ പാമ്പുകടിയേറ്റിരുന്നുവെങ്കിലും സമീപകാലത്ത്​ കടിയേൽക്കുന്നവരും മരണങ്ങളും കുറവുണ്ടായിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമായി 2016 മുതൽ 2025 ജൂലായ് വരെ വനംവകുപ്പ് 65.31 കോടിയിലധികം നഷ്ടപരിഹാരമായി നൽകി. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് 35.46 കോടിയും പരിക്കേറ്റവർക്ക് 29.91 കോടിയുമാണ് നൽകിയത്. സംസ്ഥാനത്ത് 273 ഗ്രാമപഞ്ചായത്തുകളെ മനുഷ്യ-വന്യജീവി സംഘർഷ ബാധിത പ്രദേശമായും 30 ഗ്രാമപഞ്ചായത്തുകളെ ഹോട്ട്​ സ്​പോട്ടുകളായും കണക്കാക്കി​.

മരണനിരക്ക്

2016-17........................145

2017-18.........................119

2018-19........................146

2019-20........................90

2020-21........................88

2021-22........................113

2022-23........................89

2023-24........................76

2024-25........................67

2025-26........................21