ആർ.ബി.എൽ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും  ഏറ്റെടുക്കാനൊരുങ്ങി എമിറേറ്റ്‌സ് എൻ.ബി.ഡി

Sunday 19 October 2025 1:55 AM IST

26,850 കോടി രൂപയുടെ ഓഹരികൾ

മുംബയ് : ഇന്ത്യൻ ബാങ്കിംഗ് മേഖലയിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വിദേശനിക്ഷേപത്തിനും ഇക്വിറ്റി ഫണ്ട് സമാഹരണത്തിനും വേദിയൊരുങ്ങുന്നു. ആർ.ബി.എൽ ബാങ്ക് ലിമിറ്റഡിന്റെ ഭൂരിഭാഗ ഓഹരികളും എമിറേറ്റ്‌സ് എൻ.ബി.ഡി ഏറ്റെടുക്കുന്നു. 26,000 കോടി രൂപയുടേതാണ് നിക്ഷേപം. ഇന്ത്യയിൽ പൂർണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനം സ്ഥാപിക്കുന്നതിന് ദുബായ് ബാങ്കിന് ആർ.ബി.ഐ തത്വത്തിൽ അനുമതി നൽകി വെറും അഞ്ച് മാസത്തിനുള്ളിലാണ് ഈ വാർത്ത വരുന്നത്. ഒരു വിദേശബാങ്ക് ലാഭകരമായ ഇന്ത്യൻ ബാങ്കിൽ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുക്കുന്നത് ഇതാദ്യമാണെന്ന് കമ്പനി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

റെഗലേറ്ററി, മറ്റ് അംഗീകാരങ്ങൾക്ക് വിധേയമായി ഇടപാട് പൂർത്തിയാകമ്പോൾ എമിറേറ്റ്‌സ് എൻബിഡിയെ ആഭ്യന്തര ബാങ്കിന്റെ പ്രൊമോട്ടറായി നിയമിക്കും. അതനുസരിച്ച്, ബാങ്കിന്റെ ബോർഡിലേക്ക് ഡയറക്ടർമാരെ നാമനിർദ്ദേശം ചെയ്യാനുള്ള അവകാശവും എമിറേറ്റ്‌സ് എൻ.ബി.ഡിക്ക് ലഭിക്കും. സെബി ചട്ടങ്ങൾ പ്രകാരം, ആർ.ബി.എൽ ബാങ്കിന്റെ പൊതു ഓഹരി ഉടമകളിൽ നിന്ന് 26ശതമാനം വരെ ഓഹരികൾ വാങ്ങുന്നതിനുള്ള നിർബന്ധിത ഓപ്പൺ ഓഫർ ഉൾപ്പെടെ, ബാങ്കിന്റെ ഓഹരി മൂലധനത്തിന്റെ 60ശതമാനം വരെ മുൻഗണനാ ഇഷ്യു വഴിയാണ് നിർദ്ദിഷ്ട നിക്ഷേപം നടത്തുക. യു.എ.ഇ ആസ്ഥാനമായുള്ള നിക്ഷേപകന് ഓഹരിക്ക് 280രൂപയ്ക്ക് 95,90,45,636 ഓഹരികൾ ബാങ്ക് ഇഷ്യൂ ചെയ്യും. വെള്ളിയാഴ്ച നി്ര്രഫിയിൽ ആ.ബി.എൽ ബാങ്കിന്റെ ക്ലോസിംഗ് വില 299.70 രൂപയായിരുന്നു.