ഉദ്ഘാടനം 20 ന് ബീച്ചിൽ ഇനി ഫുഡ് സ്ട്രീറ്റ് വെെബ്
കോഴിക്കോട്: കടലിനെക്കണ്ട്, സൊറ പറഞ്ഞ് ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ ബീച്ചിലെ ഫുഡ് സ്ട്രീറ്റ് ഒരുങ്ങിക്കഴിഞ്ഞു. പഴഞ്ചൻ ഉന്തുവണ്ടികളോട് ഗുഡ്‌ബൈ പറഞ്ഞ് ചുവപ്പും മഞ്ഞയും കലർന്ന ന്യൂജെൻ ഉന്തുവണ്ടികളിൽ നൂറൂകൂട്ടം കോഴിക്കോടൻ വിഭവങ്ങളും മറുനാടൻ വിഭവങ്ങളും നിരന്നു. ദീപാവലി ദിനരാത്രിയിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴോടെ ഉദ്ഘാടന പരിപാടികൾക്ക് തുടക്കമാവും. ജനപ്രതിനിധികളും സംസ്കാരിക പ്രവർത്തകരും സംഗമിക്കുന്ന പരിപാടിയിൽ സംഗീത വിരുന്നുമുണ്ട്. ഭക്ഷ്യ സുരക്ഷ വകുപ്പ് 3.44 കോടി രൂപയും കോർപ്പറേഷന്‍ 1.85 കോടി രൂപയുമാണ് ചെലവഴിച്ചത്.
90 കടകൾ
വെെവിദ്ധ്യമാർന്ന ഭക്ഷണം
ബീച്ചിലെ ആകാശവാണിക്ക് മുന്നിൽ റോഡിനോട് ചേർന്ന് പ്രത്യേകം തയാറാക്കിയ തറയിൽ 240 മീറ്റർ നീളത്തിൽ 90 കടകളാണ് സജ്ജമായിരിക്കുന്നത്. കോഴിക്കോടൻ ഭക്ഷണങ്ങൾക്കൊപ്പം മറുനാടൻ ഭക്ഷണങ്ങളുമുണ്ട്. ഓരോ കടയിലും കിട്ടുന്ന വിഭവങ്ങളുടെ പട്ടിക വ്യത്യസ്തമാണ്. ഇവയുടെ ലിസ്റ്റ് കച്ചവടക്കാർ കോർപറേഷന് കൈമാറി.കടൽക്കാറ്റേറ്റ് തുരുമ്പെടുക്കാതിരിക്കാൻ പ്രത്യേകമായ സ്റ്റീൽ സ്‌ട്രക്ചറിലാണ് ഈ ഉന്തുവണ്ടികളുടെ നിർമാണം. ഡി എർത്താണ് വണ്ടികൾ ഡിസൈൻ ചെയ്തത്. നേരത്തെ ബീച്ചിൽ കച്ചവടം നടത്തിയവരാണ് ഫുഡ് സ്ട്രീറ്റിലും ഭക്ഷണം നൽകുക. ഭക്ഷണത്തിന്റെ ചൂട് നിലനിർത്താനുള്ള സംവിധാനങ്ങളും വണ്ടിയിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് ഇരിപ്പിടങ്ങളും തയാറാക്കിയിട്ടുണ്ട്. മേയറുടെ അദ്ധ്യക്ഷതയിൽ കോർപറേഷനും കച്ചവടക്കാരുമടങ്ങുന്ന പ്രത്യേക സമിതിക്കായിരിക്കും നിയന്ത്രണ ചുമതല. സമിതിയുടെ നേതൃത്വത്തിൽ ഒരു മാനേജറുടെ സേവനം ലഭ്യമാക്കും. കച്ചവടക്കാർക്ക് യൂണിഫോം ഉൾപ്പെടെ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണം ഗുണമേന്മയുള്ളതാണെന്ന് കൃത്യമായി ഉറപ്പാക്കും. ശുചീകരണത്തിന് പ്രത്യേക ടീമുമുണ്ട്.
'' ഭക്ഷ്യനഗരമെന്ന ഖ്യാതിക്ക് തിളക്കമേകുന്നതാണ് പദ്ധതി. ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് മികച്ച ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം ബീച്ചിനെ രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമാക്കാനും നാല് കോടി രൂപയുടെ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു'' മേയർ ഡോ. ബീന ഫിലിപ്പ്