ലെൻസ്ഫെഡ് ഗ്ലോബൽ ബിൽഡ് എക്സ്പോയ്ക്ക് തുടക്കം
കോഴിക്കോട്: എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) സംഘടിപ്പിക്കുന്ന ഗ്ലോബൽ ബിൽഡ് എക്സ്പോയ്ക്ക് തുടക്കമായി. നൂതനവും വ്യത്യസ്തവുമായ നിർമാണസാമഗ്രികളും വിവിധ നിർമാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 250 സ്റ്റാളുകൾ എക്സ്പോയിലുണ്ട്. 3 ദിവസത്തെ എക്സ്പോയിൽ സെമിനാറുകൾ, ചർച്ചകൾ, വിവിധ സംഗമങ്ങൾ, കലാപരിപാടികൾ എന്നിവ അരങ്ങേറും. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.എസ് വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാളുകളുടെ ഉദ്ഘാടനം അഹമ്മദ് ദേവർകോവിൽ എം.എൽ.എ നിർവഹിച്ചു. ഗ്ലോബൽ ബിൽഡ് എക്സ്പോ സുവനീർ എം.കെ രാഘവൻ എം.പി പ്രകാശനം ചെയ്തു. ജിതിൻ സുധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗിരീഷ് കുമാർ ടി, കെ സുരേന്ദ്രൻ, ജോൺ ലൂയിസ്, പി.ബി അനിൽകുമാർ പ്രസംഗിച്ചു.