യു.ഡി.എഫ് വ‌ർഗീയ കലാപത്തിന് ശ്രമിക്കുന്നു: വി.എൻ.വാസവൻ

Saturday 18 October 2025 11:26 PM IST

പത്തനംതിട്ട: യു.ഡി.എഫ് വ‌ർഗീയ കലാപത്തിന് ശ്രമിക്കുകയാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ സമരത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓഫീസ് എറിഞ്ഞു തകർത്തതിനെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഭരണകാലത്ത് നിരവധി വർഗീയ കലാപങ്ങൾ ഉണ്ടായി. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ വർഗീയ കലാപം ഉണ്ടായിട്ടില്ല. കേരളത്തിൽ മതനിരപേക്ഷത സ്വീകരിക്കുന്ന സർക്കാരാണുള്ളത്. ആഗോള അയ്യപ്പ സംഗമംഅതിന്റെ ലക്ഷ്യം കണ്ടു.

പരിപാടി നടത്താതിരിക്കാൻ ചില ആളുകൾ സുപ്രീംകോടതി വരെ പോയി. എന്നാൽ കോടതി നടത്താൻ അനുമതി നൽകി. മുഖ്യമന്ത്രിയെ ക്ഷണിച്ചത് പോലെ പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കാൻ പോയി. ബോർഡ് അംഗങ്ങൾ പോയപ്പോൾ പ്രതിപക്ഷ നേതാവ് കതക് അടച്ചു കിടന്നു.ഇത്ര വില കുറഞ്ഞ രീതിയിലേക്ക് പ്രതിപക്ഷ നേതാവ് പോകണോ എന്നും മന്ത്രി ചോദിച്ചു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു . എം.എൽ.എമാരായ അഡ്വ. കെ.യു ജനീഷ്‌കുമാർ, മാത്യു ടി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ.പി ഉദയഭാനു, എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല, എൽ.ഡി.എഫ് നേതാക്കളായ പി.പി ജോർജുകുട്ടി, അഡ്വ. ആർ സനൽകുമാർ, ടി ഡി ബൈജു, പി ആർ പ്രസാദ്, അഡ്വ. ഓമല്ലൂർ ശങ്കരൻ, രാജു നെടുവമ്പുറം, എൻ സജികുമാർ, മാത്യൂസ് ജോർജ്, അഡ്വ. വർഗീസ് മുളയ്ക്കൽ, മനോജ് മാധവശേരിൽ, നിസാർ നൂർമഹൽ, എൽ.ഡി.എഫ് ആറൻമുള മണ്ഡലം കൺവീനർ എം വി സഞ്ജു എന്നിവർ പങ്കെടുത്തു.