ശബരിമലയിൽ വൻതിരക്ക് നിയന്ത്രണം പാളുന്നു

Saturday 18 October 2025 11:26 PM IST

ശബരിമല; മാസ പൂജാവേളയിൽ കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ ശബരിമലയിൽ അനുഭവപ്പെട്ടത്. മഴയും മഞ്ഞും ശീതക്കാറ്റും അവഗണിച്ച് പതിനായിരക്കണക്കിന് ഭക്തർ സന്നിധാനത്തേക്ക് ഒഴുകിയെത്തി. ഇന്നലെ വെർച്വൽ ക്യൂ ബുക്കിംഗ് വഴി എത്തിയത് അരലക്ഷം തീർത്ഥാടകരാണ്. ഇവർക്കൊപ്പം സ്പോട്ട് ബുക്കിംഗ് നടത്തിയും പൊലീസിന്റെ കണ്ണുവെട്ടിച്ചും പതിനയ്യായിരത്തിലധികം ഭക്തരും മലചവുട്ടി. . ശരംകുത്തിക്കു സമീപം മണിക്കൂറുകൾ ബാരിക്കേഡിനുള്ളിൽ നിന്ന ഭക്തർ ഇവിടെനിന്നിറങ്ങി വനത്തിനുള്ളിലൂടെ സന്നിധാനത്തേക്ക് എത്തി. ഇതോടെ താഴെ തിരുമുറ്റം ഭക്തജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞു. വലിയ നടപ്പന്തലിൽ ഉൾപ്പെടെ ക്യൂവിൽ നിന്ന ഭക്തർക്ക് മതിയായ രീതിയിൽ കുടിവെള്ളവും ലഘുഭക്ഷണവും നൽകുവാനും ദേവസ്വം ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. കുട്ടികളും പ്രായമായവരും പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥരോട് കുടിവെള്ളം ആവശ്യപ്പെട്ട് ക്ഷുഭിതരായി. തിരക്ക് നിയന്ത്രാണാതീതമായതോടെ ശബരിമല സ്പെഷ്യൽ കമ്മിഷണർ സന്നിധാനം വലിയ നടപ്പന്തലിലും ജ്യോതിർ നഗറിലുമെത്തി പൊലീസുകാർക്ക് മാർഗനിർദ്ദേശങ്ങൾ നൽകി. ക്യൂവിൽ നിൽക്കുന്നവരെ പ്രത്യേക സെഗ് മെന്റുകളായി തിരിച്ച് അപകട രഹിതമാക്കാൻ നിർദ്ദേശിച്ചു.

മഴയും മഞ്ഞും ശീതക്കാറ്റും വകവയ്ക്കാതെ സന്നിധാനത്തെത്തിയ തീർത്ഥാടകർ വിരിവയ്ക്കാനും വിശ്രമിക്കാനും ഇടമില്ലാതെ വലഞ്ഞു. ദർശനത്തിനായി ബാരിക്കേഡിനുള്ളിൽ അഞ്ചു മുതൽ എട്ടു മണിക്കൂർവരെ ഭക്തർക്ക് ക്യൂ നിൽക്കേണ്ടി വന്നു. തിരക്കിലമർന്ന് കുട്ടികളും പ്രായമായവരും നിലവിളിച്ചു.

പൊലീസുകാർ കുറവ്

വെർച്വൽ ക്യൂവിലുണ്ടായ വർദ്ധനവ് പരിഗണിച്ച് മതിയായ പൊലീസ് സംവിധാനം ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു ഇന്നലെ തിരക്ക് നിയന്ത്രണത്തിന് 500പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്ക് ആറുമുതൽ എട്ടു മണിക്കൂർ വരെ ക്യൂവിൽ നിന്നശേഷമാണ് അയ്യപ്പ ദർശനം സാദ്ധ്യമായത്. മരക്കൂട്ടത്തുനിന്നും ശരംകുത്തിവഴിയും ചന്ദ്രാനന്ദൻ റോഡുവഴിയും ജ്യോതിർ നഗറിലേക്ക് എത്തിയ ഭക്തർ പ്രധാന ബാരിക്കേഡിനുള്ളിലേക്ക് പ്രവേശിക്കുന്നതിനെ ചൊല്ലി പലതവണ പരസ്പരം ഏറ്റുമുട്ടി.