സജിത വധക്കേസിൽ ചെന്താമരയ്‌ക്ക് ഇരട്ടജീവപര്യന്തം
പാലക്കാട്: കേരളം ഭയത്തോടെ കാണുന്ന കൊടുംക്രിമിനൽ ചെന്താമരയ്ക്ക് നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ ഇരട്ട ജീവപര്യന്തവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ. ഈ കേസിൽ ജാമ്യത്തിലിറങ്ങി സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയും കൊലപ്പെടുത്തിയിരുന്നു. രണ്ടാം കേസിൽ വിചാരണ ഉടനാരംഭിക്കും.
പാലക്കാട് അഡി. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷവിധിച്ചത്. കൊലപാതകത്തിന് 302, വീട്ടിൽ കടന്ന് മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് 449 വകുപ്പുകൾ പ്രകാരമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. തെളിവ് നശിപ്പിക്കലിന് 201 വകുപ്പ് പ്രകാരം അഞ്ചുവർഷം തടവിനും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി പറഞ്ഞു. ജാമ്യത്തിലിറങ്ങി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും പരാമർശിച്ചു. ചെന്താമരയുടെ മാനസികനില ഭദ്രമല്ലെന്ന പ്രതിഭാഗം വാദം കോടതി പൂർണമായും തള്ളിക്കളഞ്ഞു. സ്ഥിരം കുറ്റവാസനയുള്ള ആളെന്നും കൊല കൃത്യമായ ആസൂത്രണത്തോടെയെന്നും വ്യക്തമാക്കി.
2019 ആഗസ്റ്റ് 31ന് അയൽവാസിയായിരുന്ന സജിതയെ (35) ചെന്താമര വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോയതിനു പിന്നിൽ സജിതയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പോത്തുണ്ടി വനമേഖലയിൽ ഒളിച്ചിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തെരിച്ചിലിനൊടുവിലാണ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 27നായിരുന്നു ഇരട്ടക്കൊല. നെന്മാറ മുൻ എസ്.എച്ച്.ഒ എ.ദീപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എം.വിജയകുമാറാണ് പബ്ലിക് പ്രോസിക്യൂട്ടർ.