അയൽവാസികളുടെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതിക്ക് 11 വർഷം കഠിനതടവ്

Sunday 19 October 2025 12:33 AM IST

കൊല്ലം: അയൽവാസികളുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് മാരകമായി പൊള്ളലേല്പിച്ചയാൾക്ക് പതിനൊന്ന് വർഷം കഠിനതടവും പിഴയും ശിക്ഷ. പുത്തൂർ കണിയാംപൊയ്കയിൽ വീട്ടിൽ ജി.ഗോപകുമാറിനെയാണ് (45) കൊട്ടാരക്കര അസി.സെഷൻസ് കോടതി ജഡ്ജ് എ.ഷാനവാസ് ശിക്ഷിച്ചത്.

ഗോപകുമാറിന്റെ അയൽക്കാരായ പുത്തൂർ കണിയാപൊയ്ക അനിഭവനിൽ അനി ജോൺ (41), ജ്യേഷ്ഠൻ ടെനി ജോൺ (45) എന്നിവർക്കാണ് പരിക്കേറ്റത്. 2018 ഏപ്രിൽ 14നായിരുന്നു സംഭവം. കൊലപാതക ശ്രമത്തിന് ഒരുവർഷത്തെ കഠിനതടവും ആസിഡ് ഒഴിച്ച് ദേഹോപദ്രവത്തിന് 10 വർഷത്തെ കഠിനതടവും 6 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കാത്തപക്ഷം മൂന്ന് വർഷംകൂടി തടവ് അനുഭവിക്കണം. പിഴത്തുകയിൽ 4 ലക്ഷം രൂപ അനിജോണിനും 2 ലക്ഷം രൂപ ടെനിജോണിനും നൽകണം.

നിരന്തര വഴക്ക് സംബന്ധിച്ച് ഗോപകുമാറിനെതിരെ അനിജോണിന്റെ ഭാര്യ പുത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രവാസിയായ അനിജോൺ നാട്ടിലെത്തിയ സമയത്തായിരുന്നു ആക്രമണം. അന്ന് രാത്രി അനിജോണിന്റെ സഹോദരിയും ഭർത്താവും ഇവരുടെ വീട്ടിലെത്തി. ഇവരെ രാത്രി പതിനൊന്നോടെ യാത്രയാക്കിയതിനു പിന്നാലെ ഗോപകുമാ‌ർ അസഭ്യം വിളിച്ച് പാഞ്ഞെത്തി. ഉന്തും തള്ളുമായതോടെ റബർ ഷീറ്റിന് ഉറയൊഴിക്കാനുള്ള ഫോമിക് ആസിഡ് ഇരുവരുടെയും മുഖത്തേക്ക് ഗോപകുമാർ ഒഴിക്കുകയായിരുന്നു.

പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. പുത്തൂർ എസ്.ഐ ആർ.രാധാകൃഷ്ണനാണ് കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.വെളിയം കെ.ഷാജി ഹാജരായി.

കാഴ്ച നഷ്ടപ്പെടുത്തിയ

കൊടുംക്രൂരത

ആസിഡ് ആക്രമണത്തിൽ ഇരുവരുടെയും കാഴ്ച നഷ്ടപ്പെട്ടിരുന്നു. ദീർഘനാൾ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെ ചികിത്സകൾക്കുശേഷം ടെനിക്ക് കാഴ്ച തിരിച്ചുകിട്ടി. അനിജോണിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും മറുകണ്ണിന്റേത് ഭാഗികമായും നഷ്ടപ്പെട്ടു. തിരികെ വിദേശത്തേക്ക് പോകാനും കഴിഞ്ഞില്ല.